നേപ്പാളില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

കോഴിക്കോട്: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ ശരണ്യയും മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിത്തും ഭാര്യ ഇന്ദുലക്ഷ്മിയും മകനുമാണ് മരിച്ചത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഉച്ചയോടെ എട്ടു മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കുമെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു. എംബസി ഡോക്ടറും പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഭാഗമാകും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുമലയാളി കുടുംബങ്ങളുടെ മൊഴി നേപ്പാള്‍ പൊലീസ് രേഖപ്പെടുത്തും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ നാളെ എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും.

SHARE