മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ്

മലപ്പുറം: മലപ്പുറം എസ്പി യു. അബ്ദുള്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫയര്‍ സ്‌റ്റേഷനിലെ 26 പേര്‍ നിരീക്ഷണത്തിലാണ്.

കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 75 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് 3 മരണമാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 428 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 180 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 159 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 83 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 73 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും, കൊല്ലം ജില്ലയിലെ 64 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 59 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 43 പേര്‍ക്കും, വയനാട് ജില്ലയിലെ 27 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 21 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 5 ഐടിബിപി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

SHARE