സത്യപ്രതിജ്ഞ നേരത്തെയാക്കി മഹാവികാസ് അഗാഡി സഖ്യം; സഭാ സമ്മേളനം തുടങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സഖ്യം നാളെ തന്നെ അധികാരത്തിലേറും. ഡിസംബര്‍ ഒന്നിന് അധികാരത്തിലേറാനിരുന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരാണ് നേരത്തെതന്നെ അധികാരത്തിലേറുന്നത്. അതേസമയം, നിയമസഭാ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ സഭയില്‍ നടന്നുൂവരികയാണ്.

പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത.

ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാവും. മുഖ്യമന്ത്രിസ്ഥാനത്തിനു പുറമേ 15 മന്ത്രിമാരെക്കൂടി ശിവസേനക്കു ലഭിക്കുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍.സി.പിക്ക് 15 മന്ത്രിപദവികള്‍ നല്‍കുമെന്നും കോണ്‍ഗ്രസിനു 13 സ്ഥാനങ്ങളും ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഒപ്പം സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന് ലഭിക്കും. ആകെ 43 മന്ത്രിമാരാകും ഉണ്ടാവുകയെന്നും ഏറെക്കുറേ തീരുമാനമായിട്ടുണ്ട്. എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഓരോ ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കാനും ഏകദേശ ധാരണയായിട്ടുണ്ട്.

നവംബര്‍ 23ന് രാവിലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ വിശ്വാസവോട്ട് തേടണമെന്ന സുപ്രീം കോടതിവിധിക്കു പിന്നാലെ ഫഡ്‌നാവിസും അജിത് പവാറും രാജിസമര്‍പ്പിക്കുകയായിരുന്നു.

SHARE