കാമുകിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി; കാമുകന്‍ അറസ്റ്റില്‍

കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കിയ കാമുകന്‍ അറസ്റ്റില്‍. 46 വയസുകാരനായ എറിക് ഫ്രാന്‍സിസ്‌കോയാണ് പൊലീസ് പിടിയിലായത്. മെക്‌സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം. ഇന്‍ഗ്രിത് എക്‌സാമിലെ വാര്‍ഗസ് എന്ന 26 കാരിയായ യുവതിയാണ് അരുംകൊലയ്ക്ക് ഇരയായത്.

കമിതാക്കള്‍ക്കിടയിലുണ്ടായ വഴക്കാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടക്കുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിനിടെ എറിക്കിനെ കൊല്ലുമെന്ന് ഇന്‍ഗ്രിത് ഭീഷണിപ്പെടുത്തി. എറിക്കും ഇതേരീതിയില്‍ തിരിച്ചും പ്രതികരിച്ചു. തൊട്ട് പിന്നാലെ ഇന്‍ഗ്രിത് ഒരു കത്തിയെടുത്ത് എറിക്കിനെ കുത്തി പരിക്കേല്‍പ്പിച്ചു.

കുത്തേറ്റിട്ടും ചിരിച്ചുകൊണ്ട് എറിക് വീണ്ടും തന്നെ കുത്താനാണ് കാമുകിയോട് ആവശ്യപ്പെട്ടത്. രണ്ടുതവണ കുത്തിയതിന് പിന്നാലെ എറിക് ഈ കത്തി പിടിച്ച് വാങ്ങുകയും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി. ഇതില്‍ ചില ഭാഗങ്ങള്‍ ശുചി മുറിയിലെ ക്ലോസറ്റില്‍ തള്ളി. മറ്റു ചിലത് പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞതായും പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ചോരയില്‍ കുളിച്ച് പുറത്തിറങ്ങിയ എറിക്കിനെ കണ്ട സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് നിന്ന് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

SHARE