ലോക്ഡൗണിലെ പ്രവാസനൊമ്പരങ്ങള്‍

ഇന്ന് രാവിലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ അവള്‍ക്ക് പറയാനുണ്ടായിരുന്നത് സന്തോഷത്തിന്റെ വാര്‍ത്തയായിരുന്നു , . രാവിലെ തന്നെ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നു. ഗള്‍ഫുകാരുടെ വീട്ടില്‍ സാധാരണ ഇങ്ങിനെ രണ്ടും മൂന്നും പേര്‍ ഒന്നിച്ചു വരുന്നത് സാധാരണ വല്ല പിരിവിനുമായിരിക്കും .

ഇന്ന് വന്നത് പക്ഷെ ഇങ്ങോട്ട് വല്ല സഹായവും വേണോ എന്ന് ചോദിക്കാനാണ് . ഞങ്ങള്‍ എല്ലാ ഗള്‍ഫുകരുടെയും വീട്ടില്‍ പോവുന്നുണ്ട് . അങ്ങിനെ വന്നതാണ് . മരുന്ന്, ഭക്ഷണം , അങ്ങിനെ എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട് , വിളിക്കാന്‍ നമ്പറും കൊടുത്ത്
എല്ലാ സഹായ വാഗ്ദാനവും നല്‍കി അവര്‍ പോയി , പ്രായമായ ഉമ്മയും ,കുരുന്നു മക്കളും മാത്രമുള്ള വീട്ടില്‍ ഒറ്റപെട്ടു കഴിയുമ്പോള്‍ അവര്‍ നല്‍കിയ ആ ആശ്വാസ വാക്കുകള്‍ എന്തോ അവളുടെ ആത്മ വിശ്വാസം കൂടിയ പോലെ തോന്നി

ഇത് കേട്ടപ്പോള്‍ എനിക്ക് മനസ്സില്‍ തട്ടിയ ചില അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുകയാണ് .

ഇന്നലെ നാട്ടിലെ കെ എം സി സി പ്രവാസി ഗ്രൂപ്പിലും ഒരു വോയ്‌സ് വന്നു , നാട്ടിലുള്ള പ്രവാസിയുടെ വീട്ടിലെ ദയനീയമായ അവസ്ഥ. വലിയ വീടും ‘ഗള്‍ഫ് എന്ന ലേബലും ഉണ്ട് ഉള്ളില്‍ ആരോടും പറയാതെ ഒതുങ്ങി കഴിയുകയാണു.നാട്ടില്‍ കിറ്റുകളും റേഷനുമൊക്കെയുണ്ട് , അതെല്ലാം കിട്ടിയവര്‍ക്ക് തന്നെ വീണ്ടും കിട്ടുന്നു. അവിടെയും ഗള്‍ഫ് അല്ലെ ആവശ്യം വരില്ല എന്ന മുന്‍ധാരണയിലാണ് .ആരും അധികം ശ്രദ്ധകൊടുത്തില്ല , ശ്രദ്ധിച്ചതുമില്ല .

ഈ സങ്കടം കേട്ടയുടനെ നാട്ടിലുള്ള കുറച്ചു പേര്‍ ഉടന്‍ ആ വീട്ടിലേക്ക് ഓടി. രഹസ്യമായി ആര്‍ക്കും അഭിമാന ക്ഷതമേല്‍ക്കാതെ വേണ്ടത് ചെയ്തു . ഗ്രൂപ്പില്‍ ആ വിവരം അറിയിക്കുകയും ചെയ്തു ,

ആസന്തോഷവും , ഉള്ളില്‍ തട്ടിയ പ്രാര്‍ത്ഥനയും
എത്രത്തോളമെന്ന് ഊഹിക്കാവുന്നതേയുള്ളു.

അപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയത് ഈ സഹായവുമായി പോയതെല്ലാം ‘ നിലവില്‍ പ്രവാസികളോ അല്ലങ്കില്‍ !പ്രവാസം നിര്‍ത്തിയവരോ ആണെന്നായിരുന്നു.
കൂടെ കിടക്കുന്നവര്‍ക്കെ രാപ്പനിയറിയൂ എന്നു പറയുന്നത് പോലെ പ്രവാസികളുടെ അവസ്ഥ അവര്‍ക്കെ അറിയൂ , എന്നു തോന്നുന്നു .

മിക്ക പ്രവാസികളുടെ കുടുംബവും, കുടുംബ നാഥന്‍ കൂടെ യില്ലാതെയാണ് ജീവിക്കുന്നത്. അത്യാവശ്യമായി കടകളില്‍ പോവാനോ ആശുപത്രിയില്‍ പോവാനോ അവര്‍ക്ക് ആരെയെങ്കിലും ഒന്ന് ആശ്രയിക്കാതെ വയ്യ. പിന്നെ ‘ഗള്‍ഫുകാരന്റെ’ വീട് എന്ന ലക്ഷ്യത്തില്‍ നോട്ടമിടുന്ന ചില കഴുക കണ്ണുകളെ ഭയക്കുന്നത് കാരണം ആരെ വിശ്വസിക്കണം , ആരെ ആശ്രയിക്കണം എന്നൊക്കെയുള്ള അരക്ഷിതാവസ്ഥ.. അങ്ങിനെ പോവുന്നു ലോക് ഡൗണ്‍ കാലത്ത് പ്രവാസി വീടകങ്ങളിലെ നൊമ്പരങ്ങള്‍ !

പല സംഘടനകള്‍ക്കും ഷോ വര്‍ക്ക് കാണിക്കാനുള്ള മറ്റൊരു അവസരമായി ഇതും മുതലെടുക്കുന്നു. ചിലര്‍ വാങ്ങുന്നവരുടെ ചിത്രം വരെ പ്രദര്‍ശിപ്പിക്കുന്നു.
കൊടുക്കുന്നവനു അതൊരു അഭിമാനമായിരിക്കാം വാങ്ങുന്നവര്‍ക്ക് അതൊരു ‘അപമാനമാവുകയാണ് എന്നു പറയാതെ വയ്യ

നാട്ടിലെ സന്നദ്ധ സംഘടനകളോടാണ് . നിലവിലെ സാഹചര്യത്തില്‍ നിങ്ങളുടെ സഹായവും കരുതലും ഏറ്റവും ആവശ്യമു;ള്ളത് പ്രവാസിവീടുകളിലാണ്. സ്വന്തമായി റേഷന്‍ കാര്‍!ഡോ വര്‍ഷങ്ങളായി പ്രവാസലോകത്തിലിരുന്നിട്ടും ഒരു ബാങ്ക് അക്കൌണ്ട് പോലും ഇല്ലാത്ത സാധാരണക്കാരില്‍ സാധാരണ ക്കാരാണ് കൂടുതല്‍ പേരും . വര്‍ദ്ധിച്ചു വരുന്ന, തൊഴില്‍ പെര്‍മിറ്റ് പുതുക്കല്‍ ചിലവ് , തൊഴില്‍ മേഖലയിലെ സ്തംഭനവും കാരണം , നാട്ടിലെ സാധാരണ 1 തൊഴിലാളികളെ ക്കാള്‍ കുറഞ്ഞ വരുമാനത്തിലാണവര്‍ പ്രവാസത്തില്‍ ജോലി ചെയ്യുന്നത് എന്ന് പറയുമ്പോള്‍ അതിശയോക്തിയായി കാണരുത് ,

ഗള്‍ഫിന്റെ പൊലിമയില്‍ അവര്‍ വലിയ വീട് ഉണ്ടാക്കിയിട്ടുണ്ടാവാം . നിങ്ങളുടെ വീട്ടില്‍ ഉള്ളതിനേക്കാള്‍ ആഡംബരം അവിടെ കണ്ടേക്കാം . ഇതെല്ലാം അവര്‍ പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കുമ്പോഴും ജീവിതത്തില് അവര്‍ ആ സുഖം അനുഭവിക്കുന്നത് വിരലില്‍ എണ്ണാവുന്ന .അവധി ദിനങ്ങളില്‍ മാത്രം . ആയുസ്സിന്റെ സിംഹഭാഗവും അവര്‍ അന്തിയുറങ്ങുന്നത് , കുടുസ്സുമുറികളില്‍ ട്രെയിന്‍ കമ്പാര്‍ട് മെന്റിനെ ഓര്‍മിക്കുന്ന അട്ടിയിട്ട കട്ടിലുകളിലാണ് ,

പ്രളയത്തിലും , ഭൂകമ്പത്തിലും എന്നുവേണ്ട നാട്ടില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളിലും നിങ്ങള്‍ക്കൊപ്പം കൈ കോര്‍ക്കുന്നവരാണവര്‍ .
നാടിന്റെ സാമ്പത്തിക വളര്‍ച്ചയിലെ നട്ടെല്ലുകള്‍

വാടക വീട്ടില്‍ താമസിക്കുമ്പോഴും സ്വന്തമായി വീടില്ലാത്ത തന്റെ സ്വകാര്യ ദുഃഖം മറന്നു മറ്റുള്ളവര്‍ക്ക് വീട് വെക്കാന് ഓടി നടക്കാനും അശരണര്‍ ക്ക് ആശ്രയമാവാനും ജീവിതം ഹോമിക്കുന്നവര്‍.

അവരെ നിങ്ങള്‍ ചേര്‍ത്തു പിടിക്കേണ്ട സമയമാണിത് . അതിഥി തൊഴിലാളികളെ ഇത്രയൊക്കെ കരുതലോടെ നിങ്ങള്‍ അഭിമാനത്തോടെ സംരക്ഷിക്കുമ്പോഴും , മാസത്തിലധികം ജോലി നഷ്ടപ്പെട്ട് ,നാട്ടിലേക്ക് മടങ്ങാനാവാതെ , ഭക്ഷണത്തിനു പോലും ക്ഷാമം നേരിട്ടു കൊണ്ടിരിക്കുമ്പോഴും
ആരോടും പരിഭവമില്ലാതെ . കരുതലിന്റെ കരുത്തില്ലാതെ സ്വയം ഉള്‍വലിഞ്ഞു , നാല് ചുമരുകള്‍ക്കിടയില്‍ സ്വന്തം സങ്കടങ്ങളെ കടിച്ചമര്‍ത്തി കഴിയുന്നവരിലേക്ക് കൂടി നിങ്ങള്‍ ഇറങ്ങി ചെല്ലുക ..പുറം മോടി മാത്രം കണ്ടു അകമേ വിലയിരുത്താതിരിക്കുക.. നിങ്ങളുടെ കാരുണ്യ പ്രവാഹം അവിടേക്ക് കൂടി വ്യാപിക്കട്ടെ .
ബ്രെയ്ക്ക് ദ ചെയിന്‍ എന്നത് കേവലം ഒരു ആലങ്കാരിക വാക്കു മാത്രമാവാതെ
പ്രവാസി യുടെ പ്രയാസങ്ങളിലേക്കുള്ള കാരുണ്യത്തിന്റെ , കരുതലിന്റെ , ബ്രേക് ആവട്ടെ ,

ഫൈസല്‍ ബാബു ഊര്‍ക്കടവ്‌

SHARE