കേരളത്തിലെ ലോക്ക്ഡൗണ്‍: ബാറുകളും മാളുകളും തുറക്കില്ല, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി- ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കേന്ദ്രം നിര്‍ദ്ദേശം പുറത്ത് വന്നതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ വ്യക്തത വരുത്തി മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിക്കിയത്. ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ല. മദ്യ ശാലകള്‍ മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കില്ലെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;

  • സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ യാത്ര ചെയ്യാവൂ
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. ഗ്രീന്‍ സോണുകളില്‍ പരീക്ഷയ്ക്കായി മാത്രം തുറക്കാം.
  • ഗ്രീന്‍ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ പ്രവര്‍ത്തിക്കാവൂ. അമ്പത് ശതമാനം ആളുകള്‍ മാത്രമെ ജോലിക്കെത്താവൂ.
  • പാര്‍ക്ക്, ജിംനേഷ്യം എന്നിവയും തുറക്കരുത്.
  • വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കില്‍ വീട്ടില്‍ പോകാം
  • വീട്ടില്‍ ക്വറന്റീന്‍ നിര്‍ബന്ധം. രോഗം പിടിപെടാന്‍ സാധ്യത ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം.
  • സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ താമസിക്കാം. അവിടെയും ക്വറന്റീന്‍ നിര്‍ബന്ധം.
  • വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണം.