കോട്ടയം കുറവിലങ്ങാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

കോട്ടയം: കോട്ടയം കുറവിലങ്ങാട് കാറും തടിലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കുറുവിലങ്ങാടിന് സമീപം എംസി റോഡില്‍ നിയന്ത്രണം വിട്ടകാര്‍ ലോറിക്കടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കോട്ടയം തിരുവാതുക്കലിലെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.

ലോട്ടറി കച്ചവടക്കാരനായ വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന്‍ വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന ലോറിയില്‍ കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ലോറിക്കടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാതെ വന്നതോടെ കടുത്തുരുത്തിയില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങളെത്തി കാര്‍വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. തുടര്‍ന്ന് അഞ്ച് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടസമയത്ത് വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ ഒറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

SHARE