ഇ. അഹമ്മദ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യതയുടേയും പോരാട്ടവീര്യത്തിന്റെ മുഖം: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യതയുടേയും പോരാട്ടവീര്യത്തിന്റെയും മുഖമായിരുന്നു ഇ. അഹമ്മദ് സാഹിബെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വര്‍ത്തമാനകാല ഇന്ത്യയില്‍ അദ്ദേഹത്തെപ്പോലെ ഒരു നേതാവിന്റെ അഭാവം ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണെന്നും കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഹമ്മദ് സാഹിബ് വിടവാങ്ങിയിട്ട് മൂന്നാണ്ട് തികയുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാന്യതയുടെയും, പോരാട്ട വീര്യത്തിന്റെയും മുഖമായിരുന്നു അഹമ്മദ് സാഹിബ്. പീഡിതരുടെ കൂടെ എല്ലാം മറന്ന് നിലയുറപ്പിച്ചു അദ്ദേഹം. വർത്തമാന ഇന്ത്യയിൽ അദ്ദേഹത്തെ പോലൊരു നേതാവിന്റെ അസാന്നിധ്യം നമുക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്. ഫാസിസത്തോട് നിരന്തരമായി കലഹിച്ച അദ്ദേഹം മതേതരത്വത്തെ ജീവ വായുവായി കൂടെ കൊണ്ട് നടന്നു. ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ മുമ്പിൽ വാനോളം ഉയർത്തി. ഇന്ത്യയുടെ ശത്രുക്കളോട് ലോക വേദികളിൽ വീറോടെ പോരാടി. ഒപ്പം അനീതിക്ക് വിധേയമാകുന്ന ഫലസ്തീൻ അടക്കമുള്ള രാജ്യങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടു.
മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ തന്റെ ജീവിതത്തിന്റെ സൗന്ദര്യമായി സ്വീകരിച്ച അഹമ്മദ് സാഹിബ്, ലഭിക്കുന്ന അവസരങ്ങളിലെല്ലാം അതിന്റെ സന്ദേശം പ്രസരണം ചെയ്തു കൊണ്ടിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇ അഹമ്മദ് സാഹിബ്. നാഥൻ അദ്ദേഹത്തിന്റെ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ.

SHARE