ഇക്കാലത്ത് വിജയ് ആകുന്നതിനെക്കാള്‍ സുരക്ഷിതം മോഹന്‍ലാലാകുന്നതെന്ന് കെ.ആര്‍ മീര

പ്രതിഷേധങ്ങള്‍ വരുമ്പോള്‍ തമിഴ് നടന്‍ വിജയ് മുന്നിലുണ്ടെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് നടന്‍ വിജയ് ആകുന്നതിനെക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെആര്‍ മീര.

പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ പ്രശസ്തരുടെ അഭിപ്രായം എന്താണെന്ന് പൊതു സമൂഹം തിരക്കാറുണ്ട്. ‘ഈ അടുത്ത കാലത്ത് ഒരു യുവ എംഎല്‍എ, കെ.ആര്‍ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി, കെആര്‍ മീര പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ നമ്മുടെ ആണെഴുത്തുകാര്‍ എന്തെങ്കിലും മോഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ ഇവിടുത്തെ ആണെഴുത്തുകാര്‍ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. കാരണം ഒന്നും അവര്‍ മൊഴിഞ്ഞിട്ടില്ല. അങ്ങനെ മൊഴിഞ്ഞാല്‍ എന്തു സംഭവിക്കും എന്നതിന്റെ മാതൃകയാണ് തമിഴ് നടന്‍ വിജയ് എന്നും കെ.ആര്‍ മീര പറഞ്ഞു. അഭിപ്രായങ്ങൾ ഉണ്ടാവുമ്പോൾ അത് അപകടങ്ങളാണ് ഉണ്ടാകുന്നത് എന്നത് വിജയ് യുടെ കാര്യത്തിൽ നിന്നും വ്യക്തമാണെന്നും മീര പറഞ്ഞു.

‘തമിഴ് സിനിമാ താരം വിജയ്‌യുടെ മാതൃക നമുക്ക് മുന്നില്‍ ഉണ്ട്. നടന്‍ വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണ് എന്ന് ഞാന്‍ ഇന്നത്തെ സംവാദത്തില്‍ ഓര്‍മിപ്പിച്ചിരുന്നു. അതാണ് സുരക്ഷിതം. മൊഴിയുന്നത് വളരെ അപകടമാണ്. ഈ മൊഴിയുമ്പോള്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ മൊഴിയുമ്പോള്‍ ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വരും. നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങള്‍ വേദനിക്കും എന്ന് വിചാരിച്ച് അവര്‍ സന്തോഷിക്കും. നമ്മളെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകള്‍ ആക്രമിക്കും. നമ്മുടെ നാല് തലമുറയിലുള്ള? ആളുകളെ ചികഞ്ഞെടുത്ത് ആക്രമിക്കും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ കാലത്ത് മൊഴിയാന്‍ പറ്റുകയുള്ളൂ,’ കെ.ആര്‍ മീര പറഞ്ഞു.

ഇത്തരം സംഭവങ്ങളില്‍ വളരെ മുതിര്‍ന്ന എഴുത്തുകാര്‍ മൊഴിഞ്ഞിട്ടുണ്ട്. ജൂനിയേഴ്‌സ് ആയിട്ടുള്ള ചില എഴുത്തുകാരും മൊഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെടാന്‍ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്ന ഒരെഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അവര്‍ മൊഴിയാനിത്തിരി ബുദ്ധിമുട്ടാണ്. കെ.ആര്‍ മീര കൂട്ടിച്ചേര്‍ത്തു.

തമിഴ് താരം വിജയ്ക്ക് എതിരെയുളള റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണെന്ന് നേരത്തെ മുതല്‍ ആരോപണം ഉണ്ടായിരുന്നു. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും സിനിമയിലൂടെ വിജയ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐടി റൈഡ് ഉണ്ടായത്.

അതേസമയം നടന്‍ മോഹന്‍ലാല്‍ ആകട്ടെ നോട്ടുനിരോധനം അടക്കമുളള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. പലപ്പോഴും ബിജെപി അനുകൂല നിലപാടുകളാണ് മോഹന്‍ലാല്‍ കൈക്കൊളളുന്നതെന്ന് പരക്കെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുണ്ട്. നടന്‍ മോഹന്‍ലാലിനെതിരായ വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഏറെ വിവാദമായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ്, മോഹന്‍ലാല്‍ ആവുന്നത് സുരക്ഷിതമാണെന്ന എഴുത്തുകാരിയുടെ പരാമര്‍ശം.