കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്; ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. ഇതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സിഐ അടക്കമുള്ളവരാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ പോയത്. സ്‌റ്റേഷനിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ പ്രവേശിക്കുന്നതു താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്.

27 ന് ഉച്ചയ്ക്ക് ആണ് വെള്ളയില്‍ കുന്നുമ്മലിലെ ചന്ദ്രന്‍ (68) എന്നയാള്‍ തൂങ്ങിമരിച്ചത്. പി ടി ഉഷ റോഡിലെ ഒരു ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇയാളുടെ പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം ഇന്നാണ് വന്നത്. തുടര്‍ന്നാണ് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും.

അതേസമയം മരിച്ചയാള്‍ക്ക് ഏതുവഴിയാണ് കൊവിഡ് പിടിപെട്ടത് എന്നത് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍ നിന്നും മറ്റും ചിലര്‍ എത്തിയിട്ടുണ്ടായിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടത് എന്നാണ് ഇപ്പോഴത്തെ നിഗമനം. സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിനുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചുവരികയാണ്.

SHARE