ഫെബ്രുവരി 27ന് ശേഷം പത്തനംതിട്ടയിലെത്തിയ പ്രവാസികള്‍ റിപ്പോര്‍ട്ട് ചെയ്യണം

പത്തനംതിട്ട: ഫെബ്രുവരി 27ന് ശേഷം വിദേശരാജ്യങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തിയ എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടണമെന്ന് പത്തനംതിട്ട ഡിഎംഒ അറിയിച്ചു. ടോള്‍ ഫ്രീ നമ്പറായ 1077 ലോ അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂം നമ്പറുകളിലോ ഇതിനായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പറുകള്‍:1077 (ടോള്‍ ഫ്രീ), 04682228220, 04682322515, 9188293118, 9188803119. ആയൂര്‍വേദാശുപത്രികളില്‍ പനിയുമായി വരുന്ന രോഗികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പത്തനംതിട്ട ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍.

അതേസമയം, കോട്ടയം ജില്ലയിലെ മീനടം മേഖലയില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന തരത്തില്‍ സമൂഹിക മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിക്കുന്നു. സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി. കളക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോട്ടയം പൊലീസ് പാമ്പാടി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.

കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം താത്കാലികമായി അടച്ചു. കുട്ടികള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ഉള്‍പ്പടെ എല്ലാ പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവയ്ക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.

SHARE