കോവിഡ് 19: ഓസ്‌ട്രേലിയന്‍ മന്ത്രിയുമായി കൂടിക്കാഴ്ച്ച; ട്രംപിന്റെ മകള്‍ ഇവാന്‍കാ നിരീക്ഷണത്തില്‍

വാഷിങ്ടണ്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപ് നിരീക്ഷണത്തില്‍. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്‌ട്രേലിയന്‍ മന്ത്രിയുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാന്‍കാ ട്രംപ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്‌ട്രേലിയന്‍ മന്ത്രിയുമായി കഴിഞ്ഞാഴ്ച്ചയായിരുന്നു ഇവാന്‍കയുടെ കൂടിക്കാഴ്ച. ഇവാന്‍കാ ഇതുവരെ രോഗലക്ഷ്ണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ ഇവാന്‍കാ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുകയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടണുമായി മാര്‍ച്ച് അഞ്ചിനായിരുന്നു ഇവാന്‍കായുടെ കൂടിക്കാഴ്ച. വെളളിയാഴ്ചയാണ് പീറ്റര്‍ ഡട്ടണിന് കൊറോണ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇവാന്‍കായുമായി ഡട്ടണ്‍ കൂടിക്കാഴ്ച നടത്തിയത്.

ഇവാന്‍കയുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്ത് ഡട്ടണ്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. ഇതുവരെ ഇവാന്‍കാ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമാക്കാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്ക് മാറി താമസിക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. എങ്കിലും ആശങ്ക പൂര്‍ണമായി വിട്ടൊഴിയുന്നത് വരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനാണ് തീരുമാനം.