ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായിയില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇരുവരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്.

ഇറാനിലുള്ളവരില്‍ 85 പേര്‍ മലയാളികളാണ്. ഇവര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കാന്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വിദഗ്ധനെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധയില്ലെന്ന് വ്യക്തമായാല്‍ ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ഇറാനിലേക്ക് വിമാനമയക്കും.