കൊറോണ: ചൈനയില്‍ നൂറുകണക്കിന് മെഡിക്കല്‍ ജീവനക്കാര്‍ രോഗികള്‍; നില വഷളാവുന്നു

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ഭീഷണി തുടരുമ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും വൈറസിന്റെ പിടിയില്‍. നൂറു കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. രോഗബാധിതരും രോഗലക്ഷണങ്ങളുള്ളവരും ആശുപത്രികളില്‍ നിറയുകയാണ്. എന്നാല്‍ വുഹാനിലെയും ഹുബെയിലെ മറ്റു മേഖലകളിലെയും മിക്ക ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

രോഗികളെ ശുശ്രൂഷിക്കേണ്ടതിന് പകരം ഇവരില്‍ പലരും സ്വയം രോഗികളായിരിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. തന്റെ ആശുപത്രിയിലെ 500 ജീവനക്കാരില്‍ 130 ലധികം ആളുകള്‍ക്ക് വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് വുഹാനിലെ ഒരു ആശുപത്രിയിലെ നഴ്‌സായ നിങ് ഷു പറയുന്നു. സിടി സ്‌കാനില്‍ നേരിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നിങ് ഷുവും നിരീക്ഷണത്തിലാണ്.

നൂറുകണക്കിന് മെഡിക്കല്‍ ജീവനക്കാര്‍ക്ക് വൈറസ് ബാധിച്ചതായി ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വെളിപ്പെടുത്തി. സ്വന്തം ജീവന്‍ അപകടത്തിലാക്കിയാണ് ഇവര്‍ വൈറസിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ പങ്കാളികളാകുന്നത്. വുഹാനില്‍ 398 ആശുപത്രികളാണ് ആകെയുള്ളത്. 60000ത്തിലധികം കമ്മ്യൂണിറ്റി ക്ലിനിക്കുകളുമുണ്ട്. അതേസമയം, ഒമ്പത് ആശുപത്രികളാണ് കൊറോണ ചികിത്സയ്ക്ക് മാത്രമായി വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ തിരഞ്ഞെടുത്തത്. മറ്റ് 61 ആശുപത്രികളുടെ ഒ.പി വിഭാഗത്തിലും കൊറോണ രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കുന്നുണ്ട്.

SHARE