കൊറോണ: ചൈനയില്‍ മരണം 1631; സ്ഥിരീകരിച്ചത് 67,535 പേര്‍ക്ക്

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലമുള്ള മരണസംഖ്യ ഉയരുന്നു. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1631 ആയി. ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535 ആയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതുതായി 143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ഹ്യൂബെ പ്രവശ്യയില്‍ 2240 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം ഇവിടെ 139 മരണങ്ങള്‍ നടന്നതായും ദേശീയ ആരോഗ്യ മിഷന്‍ വ്യക്തമാക്കി.

വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നു. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ആളുകള്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചു. കപ്പലിലെ 218 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 3711 പേരാണ് കപ്പലിലുള്ളത്. ഇതില്‍ 132 ജീവനക്കാരും 6 യാത്രക്കാരും ഉള്‍പ്പെടെ 138 ഇന്ത്യക്കാരുണ്ട്.

SHARE