കൊറോണ; കോഴിക്കോട് 22 പേരെ കൂടി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി


കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 22 പേരെ കൂടി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ ആകെ 206 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

ജില്ലയില്‍ ഇന്ന് (ഫെബ്രുവരി17) പുതുതായി രണ്ട് പേര്‍ ഉള്‍പ്പെടെ 202 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയോ ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിട്ടില്ല. നിലവില്‍ ബീച്ച് ആശുപത്രിയില്‍ ഒരാളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്.

ഇന്ന് (ഫെബ്രു.17) സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതുവരെ 31 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 29 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാരുടേയും അവലോകന യോഗം ചേരുകയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബോധവല്‍ക്കരണ ക്ലാസുകളും സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങളും തുടരുന്നു.

SHARE