ക്രഡിറ്റ് വേണ്ട; സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മുഖ്യമന്ത്രി പറഞ്ഞ നിരക്കില്‍ വിമാനം പറത്താം- കെ.എം.സി.സി

ദുബൈ: സംസ്ഥാന സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കാന്‍ തയ്യാറുണ്ടെങ്കില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച നിരക്ക് മാത്രം വാങ്ങി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് യു.എ.ഇ കെ.എം.സി.സി. പ്രവാസികളെ നാട്ടിലെത്തിച്ചതിന്റെ ക്രെഡിറ്റ് കെ.എം.സി.സിക്കു വേണ്ടെന്നും അവരെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെ പ്രാര്‍ഥന മതിയെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.

വന്ദേഭാരത് മിഷനില്‍ ഈടാക്കുന്ന തുകയില്‍ കൂടുതല്‍ വാങ്ങി ചാര്‍ട്ടേഡ് വിമാനം അനുവദിക്കില്ല എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. യു.എ.ഇയില്‍ നിന്ന് 750 മുതല്‍ 780 ദിര്‍ഹം വരെയാണ് വന്ദേഭാരത് വിമാനത്തിലെ ടിക്കറ്റ് നിരക്ക്. ആ തുകക്ക് ചാര്‍ട്ടര്‍ ചെയ്യാന്‍ വിമാന കമ്പനികള്‍ തയ്യാറല്ല. നിരവധി വിമാനകമ്പനികളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയതാണ്. 900 ദിര്‍ഹമിന് സര്‍വീസ് നടത്താം എന്നറിയിച്ച കമ്പനിക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതുമില്ല. അടിയന്തിരമായി നാട്ടിലെത്തുകയും ചികിത്സക്ക് വിധേയരാവുകയും ചെയ്യേണ്ട പ്രവാസികളില്‍ നിന്ന് വന്ദേഭാരത് നിരക്ക് മാത്രം വാങ്ങി ബാക്കി പണം കെ.എം.സി.സി വഹിച്ച് സര്‍വീസ് നടത്തുവാന്‍ തങ്ങള്‍ ഒരുക്കമാണ്- അദ്ദേഹം വ്യക്തമാക്കി.

കഷ്ടത അനുഭവിക്കുന്നവര്‍ ഏറ്റവും പെട്ടെന്ന് നാട്ടിലെത്തണം എന്ന വാശിയും ആഗ്രഹവും മാത്രമേ തങ്ങള്‍ക്കുള്ളൂ. ഇക്കാര്യം സംസ്ഥാന പ്രവാസികാര്യ മന്ത്രി ഡോ. കെ.ടി.ജലീലിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സമ്മതമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുവാനും കൂടുതല്‍ മനുഷ്യരെ നാട്ടിലെത്തിക്കാനും കഴിയും. സംഘടനാ ഭിന്നതകള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്. ഒറ്റക്കെട്ടായി മറികടക്കേണ്ട പ്രതിസന്ധിഘട്ടത്തിലൂടെയാണ് നാം നീങ്ങുന്നത്- പുത്തൂര്‍ റഹമാന്‍ കൂട്ടിച്ചേര്‍ത്തു.