സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്നത് ഉയരുന്നു; ഭയക്കണം സൂപ്പര്‍ സ്‌പ്രെഡ്

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം പകരുന്നവരുടെ എണ്ണം ഉയരുകയാണ്. മെയ് എട്ടിനുശേഷം ജൂണ്‍ 13 വരെ 33 ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 207 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.ക്വാറന്റീന്‍ നടപടികള്‍ ശക്തമാക്കിയിട്ടും സമ്പര്‍ക്കത്തിലൂടെ രോഗംപിടിപെടുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണവുമായി താരതമ്യംചെയ്യുമ്പോള്‍ ഈ തോത് അധികമല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇളവുകളുടെ പശ്ചാത്തലത്തില്‍ ഒരാളില്‍നിന്ന് കൂടുതല്‍ പേരിലേക്ക് രോഗംപകരുന്ന സൂപ്പര്‍ സ്‌പ്രെഡിനെയാണ് ഭയക്കേണ്ടതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രോഗികളുമായി അടുത്തിടപെടുന്നതിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരുന്നതാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ച. അഞ്ചുദിവസത്തിനിടെ ഒരു രോഗി മൂന്നുപേര്‍ക്ക് രോഗംപകര്‍ത്തുമെന്നും അങ്ങനെ പിടിപെട്ട ഒരോരുത്തരും അടുത്ത മൂന്നുപേരിലേക്ക് പകര്‍ത്തുമെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗവ്യാപനതോത് കണക്കുകൂട്ടുന്നത്.

ഒരാളില്‍നിന്ന് എട്ടുപേരിലധികം പേര്‍ക്ക് രോഗം പകര്‍ത്തിനല്‍കിയാല്‍ അതിനെ സൂപ്പര്‍ സ്‌പ്രെഡ് ആയി കണക്കാക്കും. എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും സൂപ്പര്‍ സ്‌പ്രെഡിന്റെ ഘട്ടങ്ങളുണ്ടാവാറുണ്ട്. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കംപുലര്‍ത്താന്‍ സാധ്യതയുള്ള രോഗികളാണ് സൂപ്പര്‍ സ്‌പ്രെഡേഴ്‌സ്. അവരില്‍ വൈറസിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. സൂപ്പര്‍ സ്‌പ്രെഡര്‍മാരില്‍ ചിലര്‍ രോഗബാധയറിയാതെ ബോധപൂര്‍വം പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ഭീഷണിയാണ്. ഇതു തന്നെയാണ് വലിയ വെല്ലുവിളിയായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നതും.

SHARE