കര്‍ണ്ണാടക; ബിജെപി ലീഡ് ചെയ്യുന്നു; രണ്ടിടത്ത് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ ഉപെതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നു. 12 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നതായാണ് പുറത്തുവരുന്ന വിവരം. കോണ്‍ഗ്രസ് രണ്ടിടത്ത് ലീഡ് നിലനിര്‍ത്തുമ്പോള്‍ ജെഡിഎസ് ഒരിടത്തും മുന്നിലില്ല. ശിവാജി നഗറിലും ഹുന്‍സൂരിലുമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. യശ്വന്തപുരയിലും സിറ്റിങ് സീറ്റായ കെആര്‍ പേട്ടിലും ജെഡിഎസ് പിന്നിലാണ്. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. 1,700 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്.

നിലവിലെ കര്‍ണാടക നിയമസഭ അംഗബലം 207 ആണ്. ഉപതിരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും. കേവലഭൂരിപക്ഷത്തിന് 112 സീറ്റും. നിലവില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ 106 പേരുടെ പിന്തുണയുള്ള ബിജെപിക്ക് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ജയിക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പു നടന്നവയില്‍ 11 മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.

SHARE