കൊച്ചിയിലേക്ക് പോകരുത്, തിരിച്ചു വരൂ; യെദ്യൂരപ്പയും കുരുക്കിലേക്ക് കോഴ വാഗ്ദാനം ചെയ്യുന്ന ശബ്ദ രേഖ കോണ്‍ഗ്രസ്സ് പുറത്തു വിട്ടു

കോണ്‍ഗ്രസ്സ് പാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കോഴ വാഗ്ദാനം ചെയ്യുന്ന ബി.എസ് യെദ്യൂരപ്പയുടെ ശബ്ദരേഖ കോണ്‍ഗ്രസ്സ് പുറത്തു വിട്ടു. ഹയര്‍കെറൂര്‍ എം എല്‍ എ ആയ ബി.സി പാട്ടീലിനെയാണ് യെദ്യൂരപ്പ ഫോണില്‍ ബന്ധപ്പെടുന്നത്.
ഞങ്ങള്‍ക്കൊപ്പം വരൂ വേണ്ടത് ചെയ്യാം എന്നാണ് യെദ്യൂരപ്പ ആവര്‍ത്തിച്ചു പറയുന്നത്. കൊച്ചിയിലേക്ക് പോകരുതെന്ന് ഫോണ്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ താന്‍ ബസ്സിലാണ് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ പറയുന്നതും വ്യക്തമല്ലെന്നും കോണ്‍ഗ്രസ്സ് എം എല്‍ എ പ്രതികരിക്കുന്നു.

നേരത്തെ ബസവന ഗൗഡ ദഡ്ഡലിനും ബി.ജെ.പി കോഴ വാഗ്ദാനം ചെയ്ത് വിവാദത്തിലായിരുന്നു. കര്‍ണ്ണാടക നിയമസഭയില്‍ എം എല്‍ എ മാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. വൈകുന്നേരം നാലുമണിക്കാണ് വിശ്വാസ വോട്ടെടുപ്പ്.

 

ഫോണ്‍സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം:

യെദ്യൂരപ്പ: ഹലോ
ബി.സി പാട്ടീല്‍: അണ്ണാ നമസ്‌കാം, അഭിനന്ദനങ്ങള്‍
യെദ്യൂരപ്പ: എവിടെയാണ്

ബി.സി : കൊച്ചിയിലേക്ക്‌ന പോകുന്നു, ബസ്സിലാണ്

യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്, തിരിച്ചു വരൂ, നിങ്ങളെ ഞങ്ങള്‍ മന്ത്രിയാക്കാം, വേണ്ടത് എന്തും ചെയ്യാം

ശരിയണ്ണാ, പക്ഷേ നിങ്ങളിത് ഇപ്പോള്‍ മാത്രമാണ് എന്നോട് പറയുന്നത്. ഇനി എന്താണ് നടക്കാന്‍ പോകുന്നതെന്നും പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ

യെദ്യൂരപ്പ: സമയം ശരിയാവുമ്പോഴേ എനിക്കും പറയാന്‍ സാധിക്കൂ, അതാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ കൊച്ചിയിലേക്ക് പോകരുത്,

ബി.സി പാട്ടീല്‍: പക്ഷേ ഞങ്ങളിപ്പോല്‍ ബസ്സിലാണ്

പോകരുത്, എന്തെങ്കിലും തടസ്സം പറയൂ, തിരിച്ചൂ വരൂ

ബി.സി പാട്ടീല്‍: അപ്പോള്‍ എന്തായിരിക്കും എന്റെ സ്ഥാനം

യെദ്യൂരപ്പ: നിങ്ങളെ മന്ത്രിയാക്കും

ബി.സി പാട്ടീല്‍: അണ്ണാ എന്റെ കൂടെ മറ്റു മൂന്നു പേരും കൂടിയുണ്ട്

യെദ്യൂരപ്പ: അവരെയും കൊണ്ടു വരൂ, നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമില്ലേ

ബി.സി പാട്ടീല്‍: അതെ, അതെ

യെദ്യൂരപ്പ: ഇപ്പോള്‍ തിരിച്ചു വരൂ, ആ ബസ്സില്‍ യാത്ര തുടരരുത്

ബി.സി പാട്ടീല്‍: ശരിയണ്ണാ ശരി

യെദ്യൂരപ്പ: ഇപ്പോള്‍ നിങ്ങള്‍ കൊച്ചിയിലേക്ക് പോയാല്‍ എല്ലാം ഇവിടെ അവസാനിക്കും, കാരണം പിന്നീട് ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാകില്ല

ബി.സി പാട്ടീല്‍: ശരിയണ്ണാ ശരി

യെദ്യൂരപ്പ: അപ്പോള്‍ എന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്ന് എന്നോട് പറയൂ

ബി.സി പാട്ടീല്‍ : ഞാന്‍ നിങ്ങളെ അഞ്ചുമിനുട്ടിനുള്ളില്‍ തിരിച്ചു വിളിക്കാം