ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തത് ബി.ജെ.പി നേതാവ് കപില്‍ മിശ്ര

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. കഴിഞ്ഞ ദിവസം പൊലീസ് സാന്നിധ്യത്തിലായിരുന്നു കപില്‍ മിശ്ര സി.എ.എ പ്രക്ഷോഭകര്‍ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയത്. പ്രതിഷേധക്കാര്‍ ഡല്‍ഹിയിലെ റോഡുകളില്‍നിന്ന് പൂര്‍ണമായി ഒഴിഞ്ഞുപോയിക്കൊള്ളണമെന്നും ട്രംപ് മടങ്ങുന്നതോടെ തങ്ങള്‍ തീരുമാനം നടപ്പാക്കുമെന്നുമായിരുന്നു ഭീഷണി.

ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സി.എ.എ സമരക്കാര്‍ക്ക് നേരെ സംഘപരിവാര്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. പൊലീസിന്റെ പൂര്‍ണമായ അനുവാദത്തോടെയാണ് അക്രമികള്‍ ഒരു രാത്രി മുഴുവന്‍ ഡല്‍ഹിയില്‍ അഴിഞ്ഞാടിയത്. അക്രമികള്‍ വലിയ കല്ലുകള്‍ ട്രാക്ടറുകളില്‍ കൊണ്ടുവന്ന് ഇറക്കിയാണ് സമരക്കാര്‍ക്ക് നേരെ എറിഞ്ഞത്.

ചാന്ദ്ബാഗിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിലെത്തിയ അക്രമികള്‍ കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ പിടിച്ചെടുത്തപ്പോള്‍ അതിലുണ്ടായിരുന്ന സാധനങ്ങള്‍ പൊലീസ് വാഹനത്തിലേക്ക് മാറ്റി പ്രദേശവാസികളെ ഓടിച്ചുവിടുകയാണ് പൊലീസ് ചെയ്തത്. ഇതിനിടയിലാണ് ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍, പ്രദേശവാസികളായ ശാഹിദ്, മുഹമ്മദ് ഫുര്‍ഖാന്‍ എന്നിവരും മറ്റു രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.

SHARE