കണ്ണൂര്‍ ജില്ലയില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കണ്ണൂര്‍ ജില്ലയില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചു. രോഗവ്യാപനം ശക്തമായപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നേരത്തെ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കിയിരുന്നു.

ട്രിപ്പിള്‍ ലോക്ക് നടപ്പാക്കുന്നതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയായിരിക്കും നാളെ മുതലുണ്ടാവുക. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇത്തരക്കാരുടെ വണ്ടികള്‍ പൊലീസ് പിടിച്ചെടുക്കും. അത്യാവശ്യ മരുന്നുകള്‍ വേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ന് ആറ് പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ മാത്രമാണ് പത്തിലേറെ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത്. കണ്ണൂര്‍ (52), കാസര്‍കോട് (25), കോഴിക്കോട് (13). മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ ആറ് പേര്‍ വീതം ചികിത്സയിലുണ്ട്. അഞ്ച് പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാളും ചികിത്സയിലുണ്ട്.

SHARE