കണ്ണൂരില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂരില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. കൊളവല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ വാഴമലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. 300 കിലോ ജലാറ്റിന്‍ സ്റ്റിക്കുകളും, ആയിരത്തിലേറെ ഡിക്ടണേറ്ററുകളുമാണ് പൊലീസ് സംഘം പിടികൂടിയത്.

കൊളവല്ലൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ടി.വി ധനഞ്ജയ്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകീട്ട് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച ക്വാറിയില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലും സമീപത്തുളള കാട്ടില്‍ ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. പരിശോധനക്ക് പൊലീസ് എത്തിയത് മനസ്സിലാക്കിയ രണ്ടുപേര്‍ സ്‌ഫോടക വസ്തുക്കളുമായി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.