ജിയോയില്‍ നിക്ഷേപമിറക്കാന്‍ സൗദിയും യു.എസും; എണ്ണയിലെ തിരിച്ചടി ഡിജിറ്റലില്‍ തീര്‍ത്ത് മുകേഷ് അംബാനി

മുംബൈ: ഓയില്‍-പെട്രോ കെമിക്കല്‍ മേഖലയിലെ തിരിച്ചടികള്‍ തുടരുന്നതിനിടെ ഡിജിറ്റല്‍ ബിസിനസില്‍ വന്‍ വളര്‍ച്ച ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ ജിയോ. എട്ടു ബില്യണ്‍ യു.എസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് ജിയോയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന് പിന്നാലെ, സൗദി സോവറീന്‍ വെല്‍ത്ത് ഫണ്ടും യു.എസിലെ ജനറല്‍ അറ്റ്‌ലാന്റികുമാണ് ജിയോയില്‍ പണമിറക്കുന്നത്.

സൗദിയുടെ 320 ബില്യണ്‍ യു.എസ് ഡോളറിന്റെ പബ്ലിക് ഇന്‍വസ്റ്റ് ഫണ്ട് ജിയോ പ്ലാറ്റ്‌ഫോംസിലെ ന്യൂനപക്ഷ ഓഹരിയാണ് വാങ്ങുന്നത്. 850-950 ദശലക്ഷം യു.എസ് ഡോളറാണ് ജനറല്‍ അറ്റ്‌ലാന്റിക് നിക്ഷേപിക്കുന്നത്. എയര്‍ബിഎന്‍ബി, ഉബര്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികള്‍ നിക്ഷേപമുള്ള കമ്പനിയാണ് ജനറല്‍ അറ്റ്‌ലാന്റിക്.

ഏപ്രിലില്‍ ഫേസ്ബുക്ക് 5.7 ബില്യണ്‍ ഡോളറാണ് (43,574 കോടി ഇന്ത്യന്‍ രൂപ) ജിയോയിലെ പത്തു ശതമാനം ഓഹരിക്കു വേണ്ടി മുടക്കിയിരുന്നത്. രാജ്യത്ത് ഒരു ന്യൂനപക്ഷ ഓഹരിക്കായി ഏതെങ്കിലും കമ്പനി മുടക്കുന്ന ഏറ്റവും വലിയ തുകയായിരുന്നു ഇത്. ഫേസ്ബുക്കിന് പുറമേ, സില്‍വര്‍ ലേക്ക് പാട്‌ണേഴ്‌സ്, വിസറ്റ ഇക്വിറ്റി പാര്‍ട്ട്‌ണേഴ്‌സ് എന്നിവരും ജിയോയില്‍ 2.25 ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.

ഇന്ത്യയിലെ കൂറ്റന്‍ ഉപഭോക്തൃ വിപണിയില്‍ കണ്ണുവച്ചാണ് വമ്പന്‍ കമ്പനികള്‍ ഡിജിറ്റല്‍ മേഖലയില്‍ നിക്ഷേപമിറക്കുന്നത്. വിദ്യാഭ്യാസം മുതല്‍ പേയ്‌മെന്റ് വരെയുള്ള പരമ്പരാഗത വ്യവസായങ്ങളുടെ ഘടന തന്നെ മാറ്റാന്‍ ശേഷിയുള്ളതാണ് ഈ നിക്ഷേപങ്ങള്‍. ആമസോണ്‍, വാള്‍മാര്‍ട്ട്, ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തുടങ്ങിയ വിദേശ ടെക്‌നോളജി ഭീമന്മാര്‍ എല്ലാം ഉള്ള ഒരേയൊരു വലിയ വിപണിയാണ് ഇന്ത്യ.