‘ആരോഗ്യം ശ്രദ്ധിക്കുക’; ജാമ്യത്തിലിറങ്ങിയ ചന്ദ്രശേഖര്‍ ആസാദിന് ജിഗ്നേഷ് മേവാനിയുടെ സന്ദേശം

ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ സന്ദേശം. ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മേവാനി പറഞ്ഞു.

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ആദ്യം തന്റെ ആരോഗ്യം നോക്കുകയാണ് അദ്ദേഹം ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാലാഴ്ച്ച ഡല്‍ഹിയില്‍ ഉണ്ടാവരുതെന്ന ജാമ്യവ്യവസ്ഥ, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്ന് ദളിത് നേതാവായ ആസാദിനെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്ന ആശങ്കയും മേവാനി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ആസാദിന് ജാമ്യം ലഭിച്ചത്.

അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16ന് മുന്‍പായി ആസാദ് ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡല്‍ഹി പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ആസാദിന് ജാമ്യം നല്‍കി പുറത്തു വിടുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആസാദിനെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോടതി വിലക്കിയത്. ഡല്‍ഹി ജമാ മസ്ജിദില്‍ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിനാണ് ഡല്‍ഹി പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്ത്.