രാം മന്ദിര്‍ ശിലാസ്ഥാപനത്തിന് വിളിക്കാഞ്ഞത് വളരെ മോശമായിപ്പോയി’; രഞ്ജന്‍ ഗൊഗോയിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായിപ്പോയെന്ന പരിഹാസവുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കോവിഡ് പടരുന്നതിനിടെ രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു സിന്‍ഹയുടെ പരിഹാസം. ഗൊഗോയിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

‘അയോദ്ധ്യയിലെ രാം മന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങിന് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നത് വളരെ അന്യായമായിപ്പോയി. ആഗസ്റ്റ് 5 ലെ ചടങ്ങിന് വാസ്തവത്തില്‍ അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്’, യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.

ബാബരി മസ്ജിദ് കേസില്‍ അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായ സുപ്രീംകോടതി വിധിച്ചപ്പോള്‍ രഞ്ജന്‍ ഗൊഗോയിയായിരുന്നു ചീഫ് ജസ്റ്റിസ്. കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണവും ഗൊഗോയിയ്ക്ക് മേലുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ഉടനെ ഗൊഗോയി ബിജെപി പിന്തുണയില്‍ രാജ്യസഭയിലേക്ക് എത്തിയതും ആരോപണത്തിന് മൂര്‍ച്ചകൂട്ടിയിരുന്നു. 2019 നവംബറില്‍ വിരമിച്ച ഗൊഗോയിയെ നാല് മാസത്തിനുള്ളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതിനിടെ രഞ്ജന്‍ ഗോഗോയിയെ വിദേശ മേഖലയില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അംഗമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അയോധ്യയിലെ ഭൂമിപൂജാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.