ഡല്‍ഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയുമായുള്ള സഖ്യത്തെച്ചൊല്ലി ജെ.ഡി.യുവില്‍ പൊട്ടിത്തെറി

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തെചൊല്ലി ജെ.ഡി.യുവില്‍ പൊട്ടിത്തെറി. പൗരത്വനിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയുണ്ടായ സഖ്യത്തിനെതിരെ മുതിര്‍ന്ന നേതാവ് പവന്‍ വര്‍മ്മ നിതീഷ് കുമാറിന് കത്തെഴുതി. എന്നാല്‍ പവന്‍ വര്‍മ്മയ്ക്ക് പാര്‍ട്ടിവിടാമെന്ന് നിതീഷ് കുമാര്‍ തിരിച്ചടിച്ചതോടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്.

ദില്ലിയില്‍ 67 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത് . രണ്ടു സീറ്റ് ബീഹാറിലെ സഖ്യകക്ഷി ജനതാദള്‍ യുണൈറ്റഡിനും ഒരു സീറ്റ് രാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്കും നല്‍കി.എന്നാല്‍ പൗരത്വനിയമത്തിനു ശേഷമുള്ള പ്രതിഷേധം തുടരുമ്പോള്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്ന് പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥനുമായ പവന്‍വര്‍മ്മ തുറന്നടിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചെന്നും വര്‍മ്മ പറഞ്ഞു. വര്‍മ്മയുടെ നിലപാടിനോട് ഇതുവരെ മൗനം പാലിച്ച നിതീഷ് കുമാര്‍ ഇന്ന് പ്രതികരണവുമായി രംഗത്തെത്തി. ‘അദ്ദേഹത്തോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ഇതല്ല രീതി. എവിടേക്ക് വേണമെങ്കിലും അദ്ദേഹത്തിന് പോകാം. എല്ലാവിധ ആശംസകളും നേരുന്നു’ നിതീഷ് കുമാര്‍ പറഞ്ഞു. ജെ.ഡി.യുവില്‍ ഉണ്ടായ ഭിന്നത ബി.ജെ.പി സഖ്യത്തെ എത്രത്തോളം ബാധിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

SHARE