ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ, ഗോളടിച്ചത് ഛേത്രി

ബംഗലൂരു: രണ്ടാഴ്ച്ചത്തെ ഇടവേളയും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര മാറ്റിയില്ല. ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങി. കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നല്‍ ഹെഡ്ഡറിലാണ് ബംഗലൂരു ജയിച്ചു കയറിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ വിജയഗോള്‍ വന്നത്. കോര്‍ണറില്‍ ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി നിലംപറ്റെ വന്ന ബോളാണ് ഗോളിലേക്ക് തിരിച്ചുവിട്ടത്. 69ാം മിനിറ്റില്‍ സമനില ഗോളടിക്കാന്‍ ലഭിച്ച സുവര്‍ണാവസരം മെസ്സി ബൗളി പാഴാക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റ് മടങ്ങി. ഗോളടിച്ചശേഷവും ആക്രമണ ഫുട്‌ബോള്‍ തുടര്‍ന്ന ബംഗലൂരു ഏതാനും തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഫിനിഷ് ചെയ്യാനായില്ല.

അഞ്ച് കളികളില്‍ ഒരു ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ ബംഗലൂരു പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളികളില്‍ രണ്ട് ജയവും മൂന്ന് സമനിലകളുമായി ഒമ്പത് പോയന്റാണ് ബംഗലൂരുവിനുള്ളത്.

SHARE