ആണവകരാര്‍ പിന്മാറ്റത്തിന് പിന്നാലെ യുഎസ് സേനയെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിച്ച് ഇറാന്‍

തെഹ്‌റാന്‍: അന്താരാഷ്ട്ര ആണവകരാറില്‍നിന്ന് പിന്മാറിയതായ പ്രഖാപനത്തിന് പിന്നാലെ യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിച്ച് ഇറാന്‍. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് യുഎസ് സേനയെ ഭീകരവാദ സംഘടനയാക്കിയ ബില്‍ ഇറാന്‍ പാര്‍ലമെന്റില്‍ പാസായത്. ചൊവ്വാഴ്ച രാവിലെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയത്.

സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്‌പോണ്‍സര്‍ ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയന്‍ പാര്‍ലമെന്റ് വിശേഷിപ്പിച്ചിരുന്നു. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണെ ഭീകര കേന്ദ്രമായും പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം 209 എംപിമരുടെ ഒപ്പോടെ ഐകകണ്‌ഠ്യേനയാണ് പാര്‍ലമെന്റില്‍ പാസായത്. സൈന്യത്തിനായി 200 മില്യന്‍ ഡോളര്‍ മാറ്റിവെക്കാനും സഭയില്‍ തീരുമാനമായി.

വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തില്‍ വ്യോമാക്രമണത്തിലൂടെയാണ് ഖാസിം സുലൈമാനിയടങ്ങുന്ന സംഘത്തെ യുഎസ് വകവരുത്തിയത്.അമേരിക്കന്‍ വ്യോമാക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ അന്താരാഷ്ട്ര ആണവകരാറില്‍നിന്ന് പിന്മാറിയതായി ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരാറിലെ ഒരു വ്യവ്യസ്ഥയും ഇനി പാലിക്കില്ലെന്ന് ഇറാന്‍ ഭരണകൂടം അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു നിയന്ത്രണവും ഇനിമുതല്‍ പാലിക്കേണ്ടതില്ലെന്ന് ഇറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര കരാറില്‍നിന്ന് പിന്‍വാങ്ങുന്നതോടെ ഇറാന്റെ ആണവ പദ്ധതികള്‍ക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട ജെ.സി.പി.ഒ.എ കരാറില്‍നിന്ന് ഇറാന്‍ പിന്മാറും. ഇതിനുള്ള അവസാനഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ആണവ പദ്ധതികളുമായുള്ള എല്ലാ നടപടികളും സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2015ല്‍ ബറാക് ഒബാമ യു.എസ് പ്രസിഡന്റായിരിക്കെ മാസങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഇറാനും വന്‍ശക്തികളും ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവെച്ചത്. ഇതിന്റെ വ്യവസ്ഥകള്‍ ഇറാന്‍ കര്‍ശനമായി പാലിച്ചുപോരുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പലവട്ടം സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ ഡൊണാള്‍ ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയതോടെയാണ് കരാര്‍ ദുര്‍ബലമായത്. ട്രംപ് പ്രത്യേക താല്‍പര്യമെടുത്ത് അമേരിക്കയെ ഏകപക്ഷീയമായി കരാറില്‍നിന്ന് പിന്‍വലിച്ചു. റഷ്യ, ചൈന, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും കരാറില്‍ ഒപ്പുവെച്ചിരുന്നു. പക്ഷെ, അമേരിക്കയെ മറികടന്ന് കരാറുമായി മുന്നോട്ടുപോകാന്‍ അവര്‍ക്ക് സാധിച്ചില്ല. അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇറാനെ സഹായിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു.

ഇതിനിടെ സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 80 ദശലക്ഷം ഡോളര്‍(575 കോടി രൂപ) പാരിതോഷികവും ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് ട്രംപിനെ വധിക്കുന്നവര്‍ക്ക് വന്‍തുക സമ്മാനം വാഗ്ദാനം ചെയ്തത്. അമേരിക്കക്കും ട്രംപിനുമെതിരെ രോഷം അണപൊട്ടിയൊഴുകിയ സംസ്‌കാര ചടങ്ങുകള്‍ ഇറാന്‍ ദേശീയ ടിവി ചാനല്‍ തല്‍സമയം സംപ്രേഷണം ചെയ്തു. ഇറാനില്‍ 80 ദശലക്ഷം ജനങ്ങളുണ്ട്. ഓരോരുത്തരും ഓരോ ഡോളര്‍ വീതം നല്‍കിയാല്‍ മതി. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട, മഞ്ഞുമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും 80 ദശലക്ഷം ഡോളര്‍ നല്‍കാം-സൈനികന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടര്‍ സംപ്രേക്ഷണം നിര്‍ത്തി. ഇറാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതിയോടുകൂടിയായിരുന്നില്ല പാരിതോഷികം പ്രഖ്യാപിച്ചതെന്ന് അതോടെ വ്യക്തമായി. ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയുമായി ഏറെ വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ജനറല്‍ സുലൈമാനി.

SHARE