മാലി ദ്വീപില്‍ നിന്നുള്ള നാവികസേനയുടെ കപ്പല്‍ ജലാശ്വ കൊച്ചി തീരത്തെത്തി

കൊച്ചി: സംസ്ഥാനത്തേക്ക് പ്രവാസികള്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ എത്തിത്തുടങ്ങുന്നു. മാലി ദ്വീപില്‍ നിന്നുള്ള നാവികസേനയുടെ കപ്പല്‍ ജലാശ്വ കൊച്ചി തീരത്തെത്തി. പ്രവാസികളുമായുള്ള ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പലാണിത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് രാവിലെ കൊച്ചിയിലെത്തിയത്. വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ച നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വയില്‍ 698 യാത്രക്കാരാണുള്ളത്. വിമാനം മാര്‍ഗ്ഗെയുള്ള പ്രവാസികളും സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. കപ്പലിലുള്ള 698 പേരില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളും, 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. തുറമുഖത്തെത്തുന്ന പ്രവാസികളെ പരിശോധിക്കുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനും എല്ലാ ക്രമീകരണങ്ങളും കൊച്ചിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലില്‍ കയറ്റിയത്. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയിലെത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. പ്രവാസികളെ കൊണ്ടുവരാനായി ഐഎന്‍എസ് ജലാശ്വക്ക് പുറമേ നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും മാലദ്വീപില്‍ എത്തിയിട്ടുണ്ട്.

SHARE