‘രണ്ട് മണിക്കൂര്‍ ഒന്നും ചെയ്യാതെ യുവാവ്’ ; വീഡിയോ കണ്ടത് 19 ലക്ഷം പേര്‍

രണ്ട് മണിക്കൂര്‍ യുവാവ് വെറുതെ ഇരിക്കുന്ന വിഡിയോ കണ്ടത് 19 ലക്ഷം പേര്‍. ഇന്തോനേഷ്യന്‍ യുട്യൂബര്‍ മുഹമ്മദ് ദിദിത് ആണ് വ്യത്യസ്ത വിഡിയോയിലൂടെ തരംഗം തീര്‍ത്തത്. ക്യാമറയിലേക്ക് തുറിച്ച് നോക്കി ദിദിത് ഇരിക്കുന്നതാണ് ‘ഒന്നും ചെയ്യാതെ 2 മണിക്കൂര്‍’ എന്നു േപരിട്ട വിഡിയോയിലുള്ളത്. ഇന്തോനേഷ്യന്‍ ഭാഷയില്‍ ‘പാവം സുഹൃത്ത് ഔദ്യോഗികം’ എന്നര്‍ഥം വരുന്ന ചാനലില്‍ ജൂലൈ 10ന് ആണ് ദിദിത് വിഡിയോ പങ്കുവച്ചത്.

യുവാക്കള്‍ക്ക് അറിവ് പകരുന്ന ഒരു വിഡിയോ ചെയ്യാന്‍ സമൂഹത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ വിഡിയോ ചെയ്തത് എന്നാണ് ദിദിത് പറയുന്നത്. പക്ഷേ, എന്താണ് ഇതിന്റെ പ്രയോജനമെന്ന് കാഴ്ചക്കാരെ ആശ്രയിച്ച് ഇരിക്കുമെന്നും വിഡിയോയ്‌ക്കൊപ്പമുള്ള വിവരണത്തില്‍ കൊടുത്തിട്ടുണ്ട്.

വിഡിയോ വൈറലായതോടെ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുന്ന തിരക്കിലാണ് ഇയാള്‍. 10 മിനിറ്റ് ചെയ്യാം എന്നു കരുതിയാണ് റെക്കോര്‍ഡ് തുടങ്ങിയതെന്നും എന്നാല്‍ അങ്ങനെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടതോടെ 2 മണിക്കൂര്‍ 20 മിനിറ്റ് വരെ വിഡിയോ നീണ്ടു പോവുകയായിരുന്നു എന്നു ദിദിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

SHARE