പൗരത്വ നിയമ ഭേദഗതി; അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒറ്റപ്പെടാനിടയുണ്ടെന്ന് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയെ അന്താരാഷ്ട്രതലത്തില്‍ ദോഷകരമായി ബാധിക്കുമെന്ന് മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ശിവസങ്കര്‍ മേനോന്‍. വിദേശനയവുമായി ബന്ധപ്പെട്ട തിരിച്ചടികള്‍ ഇവ വഴിയൊരുക്കുമെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വഭേദഗതിയെയും പൗരത്വ രജിസ്റ്റരിനെയും സംബന്ധിച്ച് അന്താരാഷ്ട്രതലതത്തില്‍ വളരെ മോശമായ പ്രതികരണമാണ് നിലവിലുള്ളത്. നയതന്ത്രം കൂടുതല്‍ കടുപ്പമേറിയതാകും. നിലവില്‍ ബഹുസ്വരവും മതേതരവുമായ ഒരു സമൂഹമാണ് രാജ്യത്തുള്ളത്. അതിനാല്‍ ഭീകരവാദം അടക്കമുള്ളവ വളരെ കുറഞ്ഞ അളവില്‍ മാത്രമെ ഇന്ത്യയെ ബാധിച്ചിട്ടുള്ളു. എന്നാല്‍ പുതിയ നീക്കത്തിലൂടെ രാജ്യമെന്ന ആശയംപോലും ചോദ്യംചെയ്യപ്പെടുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന സ്ഥിതി വന്നാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.പി.എ സര്‍ക്കാറിന്റെ നടപടികളുടെ തുടര്‍ച്ചയാണ് ഇവയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. ന്യൂനപക്ഷങ്ങള്‍ ഭയന്ന് കഴിയേണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതിനാല്‍ അന്നത്തെ സാഹചര്യങ്ങളുമായി നിലവിലെ സ്ഥിതിഗതികള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE