കോവിഡ് കാലത്തും എ.സി ട്രെയിനുമായി റെയില്‍വെ; യാത്രക്കാര്‍ ആശങ്കയില്‍

ന്യൂഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയില്‍വെ ഇന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ഈ സ്‌പെഷല്‍ ട്രെയിനുകളുടെ യാത്ര വലിയ ആശങ്കയായായി മാറുകയാണ്.സ്‌പെഷല്‍ ട്രെയിനുകളിലെല്ലാം രാജധാനി മോഡല്‍ എ.സി കോച്ചുകളാണ് മുഴുവന്‍. ഇത് കോവിഡ് രോഗവ്യാപനത്തിന് കാരണമാകുമോയെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതേസമയം താപനിയന്ത്രണത്തോടെയാണ് ട്രെയിന്‍ പുറപ്പെടുകയെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്.

ശീതീകരിച്ച ഊഷ്മാവില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ വൈറോളജി വിദഗ്ധരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും ശീതീകരിച്ച രാജധാനി എക്‌സ്പ്രസ് കേരളത്തിലേക്ക് അടക്കം പുറപ്പെടുന്നത്.

കുറഞ്ഞ താപനിലയില്‍ ഇവ അന്തരീക്ഷത്തില്‍ നില്‍ക്കാനും കൂടുതല്‍ പേരിലേക്ക് എത്താനും സാധ്യതുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ രോഗബാധയുള്ളവര്‍ ട്രെയിനില്‍ പ്രവേശിച്ചാല്‍ മററുയാത്രക്കാര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതേസമയം തിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. തേഡ് എ.സി ടിക്കറ്റിന് 2500 മുതല്‍ 5000 രൂപവരെയാണ് നിരക്ക്. സാധാരണക്കാര്‍ക്ക് നിരക്ക് വര്‍ധനവ് താങ്ങാനാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

SHARE