ഇന്ത്യയുടെ കോവിഡ് വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം ആരംഭിച്ചു; ശുഭ പ്രതീക്ഷയെന്ന് എയിംസ് മേധാവി

ഡല്‍ഹി: ഇന്ത്യിലെ കോവിഡ് വാക്‌സിന്‍ മനുഷ്യനിലെ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസ് ഡയറക്ടറായ ഡോക്ടര്‍ രണ്‍ദീപ് ഗലേറിയ ആണ് കൊറോണ വൈറസിനെതിരെയുള്ള കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചതായും മൂന്നു മാസത്തിനുള്ളില്‍ ഫലം അറിയാന്‍ കഴിയുമെന്നുമുള്ള വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ തദ്ദേശീയായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നാണ് കൊവാക്‌സിന്‍.

ഒന്നാം ഘട്ടത്തില്‍ 375 വോളണ്ടിയര്‍മാരിലാണ് കൊവാക്‌സിന്‍ പരീക്ഷിക്കുന്നത്. ഈ വാക്‌സിന്‍ കുത്തി വച്ച് കഴിഞ്ഞാന്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡീസ് ഉത്പാദിപ്പിക്കപ്പെടും എന്നാണ് ഗവേഷകരുടെ അവകാശവാദം. 18നും 55 നും ഇടയില്‍ പ്രായമുള്ള വ്യക്തികളെയാണ് ആദ്യ ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 12നും 65 നും ഇടയില്‍ പ്രായമുള്ള 750 വ്യക്തികളിലാണ് പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തില്‍ വലിയൊരു വിഭാഗം വ്യക്തികളില്‍ പരീക്ഷണം നടത്തും.

പുരുഷന്‍മാരും സ്ത്രീകളുമുള്‍പ്പെടെയുള്ളവരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ 1800 പേരാണ് വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ 1125 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും എയിംസ് അറിയിച്ചു. മൂന്നാം ഘട്ടം കഴിയുന്നതോടെ പരീക്ഷണത്തിന് വിധേയരായവരില്‍ വൈറസിനോട് എത്രത്തോളം പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പഠിക്കുമെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി.

SHARE