‘തിളച്ച എണ്ണ ഒഴിച്ച് ചികിത്സ’; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

ചികിത്സയുടെ പേരില്‍ തിളച്ച എണ്ണ ദേഹത്തൊഴിച്ച് പത്തു വയസുള്ള കുട്ടി കൊല്ലപ്പെട്ടു. ആറുവയസുകാരന് മറ്റൊരു കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മന്ത്രവാദിനി അറസ്റ്റ് ചെയ്തിട്ടുണ്ട്. . പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. അല്‍പന ബിബി എന്ന മന്ത്രവാദിനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടികളുടെ അമ്മയായ അര്‍ഫിന ബിബിയുടെ പരാതിയിലാണ് നടപടി.

അര്‍ഫിന ബിബിയുടെ മകന്‍ പത്ത് വയസുകാരന്‍ ജാന്‍ നബി ഷെയ്ക്കാണ് ദുര്‍മന്ത്രവാദത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആറുവയസുകാരന്‍ ജഹാംഗീര്‍ ഷെയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മക്കളെയും അര്‍ഫിന ചികിത്സയ്ക്കായി ഇവിടെ എത്തിക്കുകയായിരുന്നു. പിന്നീട് മക്കളെ കാണാന്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റത് കാണുന്നത്. ചൂട് എണ്ണയും, നെയ്യും മുളക് പൊടിയും ഉപയോഗിച്ചതിനെത്തുടര്‍ന്ന് കുട്ടികളുടെ പുറം പൊള്ളിയ രീതിയിലായിരുന്നു. ഇതോടെ മക്കളെ ഇവിടെ നിന്ന് തിരികെ കൊണ്ടുപോകാന്‍ അര്‍ഫിന ഒരുങ്ങിയെങ്കിലും വന്‍തുകയാണ് മന്ത്രവാദിനി ആവശ്യപ്പെട്ടത്.

അര്‍ഫിന രൂപയുമായി മടങ്ങിയെത്തിയപ്പോള്‍ ജാന്‍ നബി മരിച്ച നിലയിലായിരുന്നു. വാര്‍ത്ത പുറത്തുപറയാതിരിക്കാന്‍ 4,000 രൂപയും അല്‍പന വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

SHARE