കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ടത് പൊലീസല്ല; ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ സര്‍ക്കാരിന്റെ വീഴ്ച്ച: വിമര്‍ശനവുമായി ഐഎംഎ

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാന്‍ ആകില്ല. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്തില്‍ സര്‍ക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐഎംഎ ആരോപിച്ചു.

ആരോഗ്യ വിഷയത്തില്‍ അറിവ് ഉള്ളവരെയാവണം സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏല്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തണം. പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്‌സ് ക്വാറന്റയിനിന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം.

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ആയുഷ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അശാസ്ത്രീയമാണ്. ഇത് പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിലപാട് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

SHARE