കൊറോണ വായുവിലൂടെ പകരുമെന്ന റിപ്പോര്‍ട്ടിനെതിരെ വിശദീകരണവുമായി ഐസിഎംആര്‍

കോവിഡ് രോഗം വായുവിലൂടെയും പകരുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിശദീകരണം.

രോഗം ബാധിച്ചയാളുമായി നേരിട്ടുളള സമ്പര്‍ക്കത്തിലൂടെയോ, പരിചരിക്കുന്നതിലൂടെയോ മാത്രമേ വൈറസ് പടരൂ എന്ന വിലയിരുത്തലുകളെ ഖണ്ഡിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുകയും മറ്റൊരാളിലേക്ക് പകര്‍ന്നേക്കാമെന്നും അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദത്തെ തളളുന്നതാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിശദീകരണം.

അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നതാണ് പൊതുവെയുളള വിലയിരുത്തല്‍. ആളുകള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരുകയുള്ളൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും പാലിച്ചുവരുന്നതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

SHARE