ഐസ്‌ക്രീം കഴിച്ചാല്‍ കൊറോണ പകരുമോ?; പ്രചാരണത്തിന്റെ വസ്തുത എന്ത്?

കൊറോണക്കാലത്തെ വാട്‌സ്അപ്പ് വ്യാജവാര്‍ത്തകളിലൊന്നാണ് ഐസ്‌ക്രീമിലൂടെ കൊറോണ പകരുമെന്നത്. ആളുകള്‍ക്ക് നല്ലതും ചീത്തതുമായ വാര്‍ത്തകളാണ് വാട്‌സ്അപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ഫോര്‍വേഡ് ചെയ്ത് ലഭിക്കുന്നത്. കോറൊണക്കാലത്ത് പല ആരോഗ്യ സംഘടനകളുടെയും പേരിലാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നത് എന്നത് കൊണ്ട് തന്നെ ആളുകള്‍ വളരെ പെട്ടെന്ന് അതൊക്കെയും ശരിയാണ് ധരിക്കാറുണ്ട്. സംസ്ഥാന സര്‍ക്കാരും പൊലീസും വ്യാജ വാര്‍ത്ത പടക്കുന്നവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വ്യാജവാര്‍ത്തകള്‍ക്ക് പഞ്ഞമൊന്നുമില്ല.

ഐസ്‌ക്രീം കഴിച്ചാല്‍ കൊറോണ പകരുമെന്നതാണ് പോയ ദിവസങ്ങളിലെ വ്യാജന്‍. ഐസ്‌ക്രീം കഴിച്ചാല്‍ കൊറോണ പടരും എന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ‘ദ ഇന്ത്യന്‍ ഐസ്‌ക്രീം മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്ന് മാത്രമല്ല ഐസ്‌ക്രീമുകള്‍ കഴിക്കുന്നത് കൊറോണവൈറസ് ബാധിക്കില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വ്യാജമാണെന്നും യുനിസെഫും വ്യക്തത വരുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവരും അത് ഷെയര്‍ ചെയ്യുന്നവരും ശ്രദ്ധിക്കുക. കിട്ടുന്നത് മുട്ടന്‍ പണിയായിരിക്കുമെന്നാണ് പറയാനുള്ളത്.

വാട്‌സാപ് മെസ്സേജുകളും മറ്റും ഫോര്‍വേഡ് ചെയ്യുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. വ്യാജ വാര്‍ത്തകളും മറ്റും ഫോര്‍വേഡ് ചെയ്യുന്നത് നിങ്ങളെ അറസ്റ്റ് ചെയ്യാനിടയാക്കും. പലപ്പോഴും ഗ്രൂപ്പുകളിലും മറ്റുമായിരിക്കും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ധാരാളമായി പ്രചരിക്കുന്നത്. ഇത് അറിയാതെ നമ്മള്‍ പലരിലേക്കും ഫോര്‍വേഡ് ചെയ്യുകയും ചെയ്യും. ഇത് നിങ്ങളെ പ്രശ്‌നത്തിലെത്തിക്കും. അത് കൊണ്ട് ഇത്തരം വാട്‌സാപ്പ് സന്ദേശങ്ങളിലു വാട്‌സാപ്പ് മാമന്മാരുടെ ഫോര്‍വേഡ് മെസ്സേജുകളിലും വീഴാതിരിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുക.

SHARE