ഹൈദരാബാദ് പ്രതികളുടെ കൊലപാതകം പോലീസിന്റെ ആസൂത്രിത നീക്കം?

ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസിന്റെ നടപടി ആസൂത്രിതമാണെന്ന വാദം ശക്തിപ്പെടുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അരമണിക്കൂറിനകം സഹോദരി പരാതി നല്‍കിയിട്ടും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. കൃത്യ സമയത്ത് മിസ്സിംഗ് പരാതി അന്വേഷിക്കുകയായിരുന്നെങ്കില്‍ പെണ്‍കുട്ടി കൊല്ലപ്പെടില്ലായിരുന്നു. ആ സമയം സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്ന് പറഞ്ഞ് തട്ടിക്കളിക്കുകയായിരുന്നു. സംഭവത്തിനു ശേഷം വന്‍പ്രതിഷേധമാണ് നാടൊട്ടുക്കും നടന്നത്. പിന്നീടാണ് കമ്മീഷ്ണന്‍ സജ്ജനാര്‍ നാലുപ്രതികളേയും തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ച് വെടിവെച്ച് കൊല്ലുന്നത്. പ്രതികള്‍ക്കെതിരെ പ്രൊഫഷണല്‍ മികവുപയോഗിച്ച് കേസ് അന്വേഷിച്ചു തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാത്തതിനാലാണ് നാലു പ്രതികളേയും വെടിവെച്ചു കൊന്നത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കൊലപാതകത്തിന് നിരത്തിയ ന്യായവാദങ്ങള്‍. കമ്മീഷ്ണറുടെ നടപടിയെ വിമര്‍ശിച്ചും പിന്തുണച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

സംഭവം ഇങ്ങനെ…(മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്)

ആറു മണിയ്ക്ക് ടോള്‍ പ്ലാസയ്ക്കു സമീപം സ്‌കൂട്ടര്‍ വച്ചിട്ട് പോയ ഡോക്ടര്‍ ഒന്‍പതുമണിയ്ക്ക് തിരിച്ചു വരുന്നു. ടയര്‍ പഞ്ചറായതു കാണുന്നു; ലോറിയിലെ ആളുകളെ കാണുന്ന ഡോക്ടര്‍ ഭയപ്പെടുന്നു;

9.22 നു സഹോദരിയെ വിളിക്കുന്നു. ആളുകളുടെ പെരുമാറ്റം പേടിയുണ്ടാക്കുന്നു; തന്നോടുസംസാരിച്ചുകൊണ്ടിരിക്കണം എന്ന് പറയുന്നു.

9.44 നു സഹോദരി തിരിച്ചു വിളിക്കുന്നു. ഫോണ്‍ ഓഫ്. സഹോദരിയുടെ മൊഴിപ്രകാരം അവരുംസഹപ്രവര്‍ത്തകരും അര മണിക്കൂറിനകം ടോള്‍ പ്ലാസയിലെത്തുന്നു. എന്നുവച്ചാല്‍ 10.14
ആളെ കാണാത്തതുകൊണ്ട് പത്തുമിനിറ്റ് അകലെയുള്ള വിമാനത്താവള പോലീസ് സ്‌റ്റേഷനില്‍ എത്തുന്നു. സമയം ഏകദേശം 10.30

ടോള്‍ പ്ലാസ തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും ഷംഷാബാദ് സ്‌റ്റേഷന്‍ പരിധിയിലാണെന്നും അവര്‍ പറയുന്നു. അവര്‍ അങ്ങോട്ട് പോകുന്നു. അതും പത്തുമിനിറ്റ് ദൂരം.

അവിടെയും അധികാര പരിധിയിന്മേലുള്ള തര്‍ക്കം തുടരുന്നു. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിരിക്കാം എന്ന് പോലീസ് പറയുന്നു. പലതരം തര്‍ക്കങ്ങള്‍ക്കുശേഷം, പോലീസ് റെക്കോര്ഡുപ്രകാരം തന്നെ പിറ്റേദിവസം വെളുപ്പിന് 3.10നു മാന്‍ മിസ്സിംഗ് പരാതി രജിസ്റ്റര്‍ ചെയ്യുന്നു, അന്വേഷണം തുടങ്ങുന്നു; ഏഴുമണിയോടെ കത്തിയ ദേഹം കണ്ടു എന്ന റിപ്പോര്‍ട്ട് കിട്ടുന്നു, അത് പെണ്കുട്ടിയുടേത് എന്നുറപ്പിക്കുന്നു.

ഇനി എന്താണ് അപ്പോള്‍ സംഭവിച്ചത്?

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പെണ്‍കുട്ടി കൊല്ലപ്പെടുന്നത് ബലാല്‌സംഗത്തിനിടയിലല്ല. അതിനുശേഷം ബോധം വന്നപ്പോള്‍ അവള്‍ നിലവിളിച്ചു അപ്പോഴാണ് അവളെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്

പ്രതികള്‍ക്കെതിരെയുള്ള പോലീസിന്റെ ഏറ്റവും വലിയ തെളിവ് പ്രതികള്‍ പല പെട്രോള്‍ പമ്പുകളില്‍നിന്നും പെട്രോള്‍ വാങ്ങി എന്നതാണ്.

അതിനര്‍ത്ഥം, പെണ്‍കുട്ടി ജീവിച്ചിരുന്നപ്പോള്‍, ക്രിമിനലുകള്‍ അവളെ കൊല്ലാന്‍ പെട്രോള്‍ തപ്പി നടന്നപ്പോള്‍, അവളുടെ ജീവനുവേണ്ടി സഹോദരി കെഞ്ചിക്കൊണ്ടിരുന്നപ്പോള്‍ പോലീസുകാര്‍ അധികാര പരിധി തപ്പിക്കളിക്കുകയിരുന്നു; അവളുടെ സഹോദരിയെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുകയായിരുന്നു; അവള്‍ ആര്‍ക്കെങ്കിലും ഒപ്പം ഓടിപ്പോയെന്നു തീര്‍പ്പാക്കുകയായിരുന്നു.

ഈ സംഭവത്തിനുശേഷം കൃത്യവിലോപം കാണിച്ചതിന് മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇത്തരം പരാതി കിട്ടിയാല്‍ അധികാര പരിധി നോക്കാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നു സൈബറാബാദ് പോലീസ് കംമീഷണര്‍ നിര്‍ദ്ദേഹം കൊടുത്തിട്ടുണ്ട്. ഏതു കംമീഷണര്‍? ഇന്ന് വെടിവെച്ചുകൊന്നതിനു നമ്മുടെ സുഹൃത്തുക്കള്‍ ആഘോഷിക്കുന്ന അതെ കമ്മീഷണര്‍.

SHARE