രാജ്യത്തെ ആദ്യ കൊവിഡ് മരണം; കല്‍ബുര്‍ഗിയില്‍ കനത്ത ജാഗ്രത; സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 80 പേര്‍ നിരീക്ഷണത്തില്‍

കല്‍ബുര്‍ഗി: രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരന്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 80 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാന്‍ വൈകിയ കല്‍ബുര്‍ഗിയില്‍ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. മരിച്ച 76 കാരന്‍ രോഗലക്ഷണങ്ങളുമായി പത്തു ദിവസത്തോളം കല്‍ബുര്‍ഗിയിലും ഹൈദരാബാദിലും കഴിഞ്ഞിരുന്നു.

മൃതദേഹം സംസ്‌കരിക്കുന്നതില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. കയ്യുറയും മാസ്‌കും ധരിക്കാത്തവരാണ് ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയത്. ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പുറത്തുളളവര്‍ക്ക് പ്രവേശനം വിലക്കി, കല്‍ബുര്‍ഗിയിലേക്കുളള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും പൂട്ടിയിരിക്കുകയാണ്.