രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്ന് എങ്ങനെ കൊറോണ വൈറസ് പകരും?; വിശദീകരണവുമായി ലോകാരോഗ്യ സംഘടന

വൈറസ് ബാധിതരായവരില്‍ നിന്ന് കൊറോണ വൈറസ് മറ്റ് വ്യക്തികളിലേക്ക് പടരുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. രോഗബാധിതര്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്ത് വരുന്ന സൂക്ഷ്മകണികകളില്‍ കൂടിയാണ് രോഗം പകരുന്നത്. എന്നാല്‍ ഇനി രോഗലക്ഷണങ്ങളില്ലാത്തവരുടെ കാര്യത്തിലോ?രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരും രോഗം പടര്‍ത്താമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതങ്ങനെയാണെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു വിഡിയോയില്‍ ലോകാരോഗ്യ സംഘടന കോവിഡ് ടെക്‌നിക്കല്‍ ഹെഡ് മരിയ വാന്‍ ഖെര്‍ഖോവും ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാനും വ്യക്തമാക്കുന്നു.

രോഗലക്ഷണങ്ങളില്ലാത്തവരിലൂടെയുള്ള രോഗവ്യാപനം ഉദാഹരണ സഹിതം ഡോ. റയാന്‍ വിശദീകരിക്കുന്നു: ‘രോഗബാധിതനായ എന്നാല്‍ രോഗലക്ഷണമില്ലാത്ത ഒരാള്‍ ഒരു നിശാക്ലബിലിരുന്ന് മറ്റൊരാളോട് സംസാരിക്കുകയാണെന്ന് കരുതുക. ബഹളമയമായ ആ അന്തരീക്ഷത്തില്‍ അയാള്‍ പറയുന്നത് അടുത്തിരിക്കുന്നയാള്‍ക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടാകില്ല. അതിനാല്‍ അയാള്‍ കൂടുതല്‍ ഒച്ചയെടുത്ത് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാളുടെ മൂക്ക്, വായ, തൊണ്ട, ശബ്ദനാളം എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് വൈറസ് പുറത്തേക്ക് തെറിക്കാന്‍ സാധ്യതയുണ്ട്.

കൊറോണ ബാധിച്ചിട്ടും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന പ്രസ്താവന ദിവസങ്ങള്‍ക്ക് മുമ്പ്് ലോകാരോഗ്യ സംഘടന തിരുത്തിയിരുന്നു.

SHARE