കൊറോണ പനിയെ ജലദോഷത്തിനും വൈറല്‍ പനിക്കുമിടയില്‍ എങ്ങനെ തിരിച്ചറിയാം?

കോവിഡ് വന്നതില്‍ പിന്നെ നമുക്കെല്ലാവര്‍ക്കും ആശങ്കയുടെ ഒരു പനി പനിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നു തുമ്മുമ്പോഴേക്ക്, അല്ലെങ്കില്‍ നേരിയ ശ്വാസതടസം വരുമ്പോഴേക്ക് ഇത് കൊറോണയാണോ എന്ന പേടിയാണ്. യഥാര്‍ഥത്തില്‍ എന്താണ് കോവിഡ് വൈറസിന്റെ ലക്ഷണങ്ങള്‍? ഇത് എങ്ങനെയാണ് നമ്മുടെ നാട്ടിലെ പനിയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്?

കേരളത്തില്‍ സാധാരണ ഗതിയില്‍ രണ്ടുതരം ജലദോഷപ്പനികളാണ് കാണപ്പെടുന്നത്. ഒന്ന് വളരെ പൊതുവായി കാണുന്ന കോമണ്‍ കോള്‍ഡ് എന്നു വിളിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസാണ്. ഫ്‌ളൂ വൈറസാണ് രണ്ടാമത്തേത്. ഇത് രണ്ടും തന്നെ ഇന്‍ഫ്‌ലുവന്‍സ വൈറസ് കാറ്റഗറിയിലുള്ളതാണെങ്കിലും ജലദോഷപ്പനി എന്നത് സാധാരണ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചു പോവുകയാണ് പതിവ്. എന്നാല്‍ ഫ്‌ളൂ എന്നത് ഒരാഴ്ച നമുക്ക് കടുത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. രണ്ടാഴ്ച ക്ഷീണം വരുത്തും. ചെറിയ കുട്ടികളിലോ പ്രായം ചെന്നവരിലോ ആണെങ്കില്‍ ഇത് വലിയ ബുദ്ധിമുട്ടുകള്‍ വരുത്തും. ഇത്തരത്തിലുള്ള ഭൂരിപക്ഷം കേസുകളും കേരളത്തിലെ പ്രത്യേകമായ കാലാവസ്ഥാ മാറ്റം കൊണ്ട് സംഭവിക്കുന്നതാണ്.

മൂക്കൊലിപ്പ്, തൊണ്ട വേദന, ശരീരത്തിന് വിറയല്‍, വേദന തുടങ്ങിയ രോഗങ്ങള്‍ വീടുകളില്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഇത് മറ്റുള്ളവരിലേക്കും പകരാനുള്ള സാധ്യത ഏറെയാണ്. ഒരുപക്ഷേ, ഇത്തരം രോഗമുള്ള ആളുകള്‍ക്ക് പനി കാണണം എന്നില്ല. ചുക്കും മുളകും ചേര്‍ത്ത് കാപ്പി ഉണ്ടാക്കി കുടിച്ചാല്‍ തന്നെ ഏറെക്കുറേ ശമനം വരുന്ന രോഗങ്ങളാണ് ഇത്. അതേപോലെ ശക്തമായ തലവേദന, തൊണ്ട വേദന തുടങ്ങിയ അസുഖങ്ങളും ഉണ്ടാവാറുണ്ട്. ഇത് മാറാന്‍ രണ്ടാഴ്ച വരെ സമയമെടുക്കും.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍. സാധാരണ വരുന്ന ജലദോഷപ്പനിയുമായിട്ട് കൊറോണ വൈറസിന് അത്ര സാമ്യമില്ല. മൂന്നു മുതല്‍ അഞ്ചു ദിവസം വരെ കാണുന്ന ഏകദേശം 101 ഡിഗ്രിയിലുള്ള ശക്തമായ പനി, അതോടൊപ്പം തൊണ്ട വേദന, ശക്തമായ കുളിര്, വിറയല്‍, അമിതമായ ക്ഷീണം, ശരീര വേദന, കടുത്ത തലവേദന എന്നിവയാണ് കോവിഡിന്റെ മിക്കവാറും ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഇതോടൊപ്പം ഛര്‍ദിയും വയറിളക്കവും കണ്ടുവെന്നു വരാം. കോവിഡ് ഉള്ളവര്‍ക്ക് രണ്ടാമത്തെ ദിവസം തന്നെ ചുമ കണ്ടുവെന്നു വരാം. ഇത് മറ്റു പനികള്‍ക്കുണ്ടാകുന്ന പോലെ കഫമുള്ളതായിരിക്കില്ല. തൊണ്ട കുത്തി വരണ്ട ചുമയായിരിക്കാം.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് കോവിഡിന്റെ ഏറ്റവും പ്രത്യേകമായ ലക്ഷണം. വരണ്ട ചുമയോടൊപ്പം ശ്വാസതടസം കൂടിയുണ്ടെങ്കില്‍ കോവിഡിനുള്ള സാധ്യത വളരെ കൂടുതലാണ്. തുടര്‍ന്ന് കഫക്കെട്ടും ഉണ്ടാവും. ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ തന്നെ കോവിഡ് വൈറസിനും കാണിക്കും. കോവിഡ് അസുഖത്തിന് അഞ്ചു ദിവസം കൊണ്ടു തന്നെ ശ്വാസമെടുക്കാനുളള ബുദ്ധിമുട്ട് വന്ന് ന്യൂമോണിയ ബാധയിലേക്ക് പോവും.

കൊറോണയുടെ മറ്റൊരു ലക്ഷണം കിഡ്‌നി രോഗബാധയാണ്. കിഡ്‌നി തകരാറിലാകുന്ന അവസ്ഥയില്‍ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാവും. ഇത്തരം കേസുകള്‍ വരുമ്പോഴാണ് മരണം പോലുള്ള അവസ്ഥയിലേക്ക് കോവിഡ് എത്തിക്കുക.

രോഗം വന്നാല്‍ ഒരിക്കലും നാം തന്നെ രോഗത്തെ നിശ്ചയിച്ച് സ്വയം മരുന്നു വാങ്ങിക്കഴിക്കരുത്. അതിനപ്പുറത്തേക്ക് ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തണം. കോവിഡാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ എന്നു ഡോക്ടര്‍ വഴി ഉറപ്പു വരുത്തണം. അല്ലാതെ നാം തന്നെ രോഗം നിര്‍ണയിച്ച് മരുന്നു വാങ്ങിക്കഴിക്കുന്നതിലൂടെ സ്വന്തം കുടുംബത്തെയും നാമുമായി ബന്ധപ്പെടുന്നവരെയും കൂടിയാണ് നാം അപകടത്തില്‍ പെടുത്തുന്നത് എന്ന് തിരിച്ചറിയുക.

നമുക്ക് രോഗപ്രതിരോധ ശേഷിയുണ്ടെങ്കില്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. ലോകത്ത് 85 ശതമാനം പേരും കോവിഡില്‍ നിന്ന് മരണപ്പെടാതെ രക്ഷപ്പെടുന്നതാണ് കണ്ടുവരുന്നത്. എന്നാല്‍ മറ്റു അസുഖങ്ങള്‍ കൂടി ഉള്ള ആളുകള്‍ക്ക് കോവിഡ് പടരുന്നതോടെ അത് അവരുടെ ശരീരത്തെ ഗുരുതരമായി ബാധിക്കാം. വൃദ്ധരായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇത് മാരകമായേക്കാം.

SHARE