മീന്‍ നന്നാക്കുന്നതിനിടെ ചുമര് ഇടിഞ്ഞുവീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ മീന്‍ നന്നാക്കുന്നതിനിടെ വീടിന്റെ ചുമര് ഇടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൂത്തോള്‍ വഞ്ചിക്കുളം ഗോഡൗണിനു സമീപം വത്സലയാണ് (71) മരിച്ചത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് വത്സലയെ പുറത്തെടുത്തത്.

ഇന്നലെ വൈകിട്ട് നാലോടെയാണു സംഭവം. വീടിന്റെ ഇറയത്തിരുന്ന് മീന്‍ നന്നാക്കുകയായിരുന്നു വത്സല. പെട്ടെന്ന് ചുമര് ഇടിഞ്ഞ് വീഴുകയായിരുന്നു. ശബ്ദം കേട്ട് വത്സല തിരിഞ്ഞുനോക്കുമ്പോഴേക്കും കല്ലുകള്‍ ദേഹത്തേക്ക് വന്നുവീണിരുന്നു.സംഭവ സമയത്ത് ഭര്‍തൃസഹോദരന്‍ അശോകനും വീട്ടിലുണ്ടായിരുന്നു.

അശോകന്റെ കാലിനു സാരമായി പരുക്കേറ്റു. വത്സലയെ പുറത്തെടുക്കാന്‍ അശോകന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് സമീപവാസികള്‍ എത്തി വിവരം അഗ്‌നിരക്ഷസേനയെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയാണ് വത്സലയെ പുറത്തെടുത്തത്. രണ്ടു പ്രളയങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു വീടിന്റെ ചുമരുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരുന്നു. വിണ്ടുകീറി നിന്നിരുന്ന ചുമര്‍ മഴയില്‍ കുതിര്‍ന്നാണു ഇടിഞ്ഞുവീണത്.

SHARE