തദ്ദേശതെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്ന് ഹൈക്കോടതി. 2015ലെ പട്ടിക ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. യു.ഡി.എഫ് നല്‍കിയ ഹരജി ശരിവെച്ചുകൊണ്ടാണ് കോടതി ഉത്തരവ്. രണ്ട് പട്ടികയിലുമായി ഏഴ് ലക്ഷം പേരുടെ വ്യത്യാസമുണ്ടെന്നാണ് യു.ഡി.എഫ് അറിയിച്ചിരിക്കുന്നത്. 2015ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പലരും 2019ലെ പട്ടികയിലുണ്ടെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഈ വിവരങ്ങളെല്ലാം അടിസ്ഥാനമാക്കി പുതിയ പട്ടിക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നാണ് ഹൈക്കോടതിയെ യു.ഡി.എഫ് അറിയിച്ചത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ വിധി വരുന്നത്. ഹരജിക്കാരുടെ വാദം പ്രായോഗികമല്ല, പണചെലവേറിയതാണ് എന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് പ്രസ്താവിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് യു.ഡി.എഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

തീരുമാനം മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. കോടതി അനുവദിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നത്.

SHARE