വിഷമോ അല്ലെങ്കില്‍ ജൈവായുധമോ? ; യുഎസില്‍ ചൈനയുടെ ദുരൂഹ വിത്തുപാക്കറ്റുകള്‍

ഷിക്കാഗോ: യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയില്‍ ബോക്‌സുകളിലേക്ക് പുതിയൊരു ഭീഷണിയായി എത്തിയിരിക്കുകയാണ് വിത്തു പായ്ക്കറ്റുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍നിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാര്‍ഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയില്‍ പലതും യുഎസില്‍ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓര്‍ഡര്‍ ചെയ്തിട്ടുമല്ല ലഭിച്ചതും.

കൃഷി ചെയ്താല്‍ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാര്‍ട്‌മെന്റ് ഓഫ് അഗ്രികള്‍ചേഴ്‌സ് ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍ സര്‍വീസ്(എപിഎച്ച്‌ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗവും വിത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. ഒരു കാരണവശാലും വിത്തുകള്‍ നടരുതെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്.

ഹാനികരമല്ലാത്ത ഔഷധച്ചെടികളുടെയും പൂച്ചെടികളുടെയും പച്ചക്കറികളുടെയും പുല്ലിനങ്ങളുടെയും വിത്തുകളാണ് ഏറെയും. ആദ്യ കാഴ്ചയില്‍ നിരുപദ്രവകാരിയായി തോന്നാമെങ്കിലും യുഎസിലെ ഓരോ പ്രദേശത്തെയും തനതു വിളകളെ പോലും നശിപ്പിക്കാന്‍ പോന്നതാകാം ഇവയില്‍ പലതുമെന്നും സസ്യശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിത്തിന്റെ പുറത്ത് പര്‍പ്പിള്‍ നിറത്തില്‍ പുരട്ടിയിരിക്കുന്ന ലേപനവും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള കീടനാശിനിയോ വിത്ത് കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കുന്ന വസ്തുവോ ആയിരിക്കാം അതെന്നാണു കരുതുന്നത്.

SHARE