ഹാള്‍ടിക്കറ്റിന്റെ പിറകില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നു, വിദ്യാര്‍ത്ഥിനി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് കോളേജ് അധികൃതരുടെ വാദം

തിരുവനന്തപുരം: മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹാള്‍ടിക്കറ്റിന്റെ പിറകില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നു. ഹാള്‍ടിക്കറ്റ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് പരീക്ഷ തുടങ്ങി ഒരുമണിക്കൂറിനുശേഷം പ്രിന്‍സിപ്പലിനെ കണ്ട് വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെിലും അങ്ങനെ ചെയ്യാതെ വിദ്യാര്‍ത്ഥിനി പുറത്തുപോവുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയാേട് മോശമായി പെരുമാറിയെന്നത് ആരോപണം മാത്രമാണ്, ഭീഷണിപ്പെടുത്തി എന്നതും തെറ്റാണ്. സര്‍വകലാശാലാ ചട്ടം അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. രേഖകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ ഹാള്‍ടിക്കറ്റും, പരീക്ഷാ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വനിതാ കമ്മിഷന്റെ ഇടപെടലുണ്ടായത്. സംഭവത്തില്‍ എം.ജി. സര്‍വകലാശാല ബി.എം.വി ഹോളിക്രോസ് കോളേജില്‍ നിന്ന് വിശദീകരണവും തേടി.

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി.കോം. വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജു ചേര്‍പ്പുങ്കലിലെ ബി.വി.എം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. പരീക്ഷയെഴുതാന്‍ വേണ്ടി കോളേജിലെത്തിയ കുട്ടിയെ കോപ്പിയടിച്ചെന്നാരാേപിച്ച് പരീക്ഷാ ഹാളില്‍ നിന്ന് അധികൃതര്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തില്‍ മനംനൊന്താണ് കുട്ടി ആറ്റില്‍ ചാടിയതെന്ന് പിതാവ് ആരോപിച്ചു.

പെണ്‍കുട്ടി പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം നല്ല മാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന പാരലല്‍ കോളേജിലെ അധ്യാപകരും ഇത് ശരിവയ്ക്കുന്നുണ്ട്. .

SHARE