ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രൂ നാറ്റ് ടെസ്റ്റ്; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ട്രൂ നാറ്റ് ടെസ്റ്റ് നടത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഗള്‍ഫ് രാജ്യങ്ങള്‍ ട്രൂ നാറ്റ് ടെസ്റ്റ് അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക വിമാനമെന്ന നിര്‍ദേശവും കേന്ദ്രം നിരാകരിച്ചു. കേരളത്തിന്റെ ആവശ്യം തള്ളാനിടയായ സാഹചര്യം വിശദീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

രോഗബാധിതരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ വരുന്നത് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെത്. വിമാനത്തില്‍ കയറും മുന്‍പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു കേരളത്തിന്റെ ആദ്യ നിലപാട്. ടെസ്റ്റിന് വേണ്ടി വരുന്ന ചെലവും പരിശോധനാ സ്ഥലങ്ങളുടെ അപര്യാപ്തയും പ്രവാസികള്‍ ചൂണ്ടിക്കാട്ടുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ആന്റിബോഡി ടെസ്റ്റ് മതിയെന്നായി.

SHARE