ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിലൂടെ പ്രചാരണം നടത്തുന്നു: ഗുലാം നബി ആസാദ്

മാനന്തവാടി: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തില്‍ ബി ജെ പി വര്‍ഗീയ ധ്രുവീകരണം നടത്തിക്കൊണ്ടാണ് പ്രചരണം നടത്തുന്നതെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഗുലാം നബി ആസാദ്. എടവക രണ്ടേനാലില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദവും വര്‍ഗീയവാദവും മതങ്ങളെ തമ്മിലടിപ്പിച്ചും അധികാരത്തിലെത്താനാണ് ബി.ജെ.പി ഇന്ത്യയിലുടനീളം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒന്നായി നശിപ്പിക്കുകയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തത്. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, 4.73 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്തത്. ജി എസ് ടി, നോട്ടുനിരോധനം എന്നിവ മൂലം ചെറുകിട വ്യവസായങ്ങളടക്കമുള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ നരേന്ദ്രമോദി ലോകത്ത് അറിയപ്പെടുക തൊഴിലുകള്‍ നഷ്ടപ്പെടുത്തിയ പ്രധാനമന്ത്രി എന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതീവ ഗൗരവമായ തിരഞ്ഞെടുപ്പാണിത്. മതേതരത്വം നിലനിര്‍ത്തണമോ, വര്‍ഗീയത വളര്‍ത്തണമോ എന്ന രണ്ടാശയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യയെ രക്ഷിക്കാനും ബി.ജെ.പി അധികാരത്തില്‍ നിന്നും തൂത്തെറിയാനും, സര്‍വ മനുഷ്യരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. റാഷിദ് ഗസാലി കൂളിവയല്‍ പ്രസംഗം പരിഭാഷപ്പെടുത്തി. മുന്‍മന്ത്രി പി.കെ ജയലക്ഷ്മി, പി.കെ അസ്മത്ത്, ഉഷാവിജയന്‍, അഡ്വ. എന്‍.കെ വര്‍ഗീസ്, കണ്ണോളി മുഹമ്മദ്, വള്ളിയാട്ട് അബ്ദുള്ള, ബ്രാന്‍ അഹമ്മദ്കുട്ടി, നാസര്‍ തരുവണ, ജില്‍സണ്‍ തൂപ്പുംകര, എച്ച് ബി പ്രദീപ്മാസ്റ്റര്‍, ജോര്‍ജ് പടകൂട്ടില്‍, തോക്കന്‍ മമ്മൂട്ടി, മുതുകോടന്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE