ഷഹീന്‍ബാഗ് സമരം ഭീകരപ്രവര്‍ത്തനമാണെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരം ഭീകരപ്രവര്‍ത്തനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്റ് ഒരു നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാതെ അവിടെ നിന്ന് മാറില്ലെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നത് ഭീകരപ്രവര്‍ത്തനമാണ്. ഷഹീന്‍ബാഗ് സമരക്കാര്‍ സാധാരണക്കാരുടെ അവകാശകള്‍ ഇല്ലാതാക്കുകയാണ്. അതുകൊണ്ട് അത് ഭീകരപ്രവര്‍ത്തനമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ അതിനെ എതിര്‍ക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല. എന്നാല്‍ അഞ്ചാളുകള്‍ ചേര്‍ന്ന് ഈ ഹാളിന്റെ വാതിലുകള്‍ അടച്ചുപൂട്ടി പാര്‍ലമെന്റ് ഒരു പ്രമേയം പാസാക്കാതെ അത് തുറക്കില്ലെന്ന് പറഞ്ഞാല്‍ അത് ഭീകരപ്രവര്‍ത്തനമാണ്-ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം ഡല്‍ഹിയിലെ കൊടുംതണുപ്പിലും ഷഹീന്‍ബാഗ് സമരം വന്‍ ജനപങ്കാളിത്തത്തോടെ മുന്നോട്ട് പോവുകയാണ്. സുപ്രീംകോടതി നിയമിച്ച മധ്യസ്ഥന്‍മാര്‍ കഴിഞ്ഞ ദിവസവും സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പൊലീസാണ് റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്നതെന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. സമരസ്ഥലം മാറ്റില്ലെന്നും സമരക്കാര്‍ മധ്യസ്ഥന്‍മാരെ അറിയിച്ചു.

SHARE