കേന്ദ്രം സഹായിച്ചില്ലെങ്കില്‍ കമ്പനി പൂട്ടേണ്ടിവരും: വോഡഫോണ്‍-ഐഡിയ

ന്യൂഡല്‍ഹി: സര്‍ക്കാരിന് നല്‍കേണ്ട കുടിശ്ശികയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വോഡഫോണ്‍ -ഐഡിയ പൂട്ടേണ്ടി വരുമെന്ന്് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

‘സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ ഐഡിയ വോഡഫോണിന്‍റെ കഥ അവസാനിക്കും. മൂന്നുമാസത്തിനുള്ള ലോകത്ത് ഒരു കമ്പനിയ്ക്കും അത്രയും ഉയര്‍ന്ന തുക കൊണ്ടുവരാന്‍ സാധിക്കുകയില്ല.’ കെ.എം ബിര്‍ള പറഞ്ഞു. വരുമാനത്തിന്‍റെ ഒരു ഭാഗം ലൈസന്‍സ് ഫീസ് ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നാണ് വ്യവസ്ഥ.

കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ ടെലികോം മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ ബിര്‍ളയുടെ ഐഡിയ സെല്ലുലാര്‍, ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോണ്‍ പിഎല്‍സിയുടെ ഇന്ത്യ യൂണിറ്റ് എന്നിവ അടുത്തിടെ ലയിപ്പിച്ചിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുകളുമായി വിപണി പിടിച്ചതോടെയാണ് മറ്റ് കമ്പനികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. അതേസമയം കഴിഞ്ഞ ദിവസം ജിയോയടക്കം എല്ലാ കമ്പനികളും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

എന്നാല്‍, ഇപ്പോഴുള്ള പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാരില്‍ നിന്ന് ആശ്വാസകരമായ നടപടി ഉണ്ടാവണമെന്നും സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായതിന് ശേഷമുള്ള നടപടികളില്‍ അര്‍ത്ഥമില്ലെന്നുമാണ് ബിര്‍ള ചൂണ്ടിക്കാട്ടുന്നത്‌.

ടെലികോം ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം യൂസേജ് ചാര്‍ജ് എന്നീ ഇനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് 1.47 ലക്ഷം കോടി നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 14 വര്‍ഷത്തെ ചാര്‍ജുകളും പലിശയും നല്‍കാനായിരുന്നു ഉത്തരവ്. ഇതില്‍ ഇളവ് വേണമെന്നാണ് കമ്പനിയുടെ ആവശ്യം. കോടതി ഉത്തരവ് പ്രകാരം ഏകദേശം 53038 കോടി രൂപ വോഡഫോണ്‍-ഐഡിയ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടി വരും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും തുക നല്‍കാന്‍ ഒരു കമ്പനിക്കും കഴിയില്ലെന്നാണ് വോഡഫോണ്‍ -ഐഡിയയുടെ പ്രതികരണം.

SHARE